Tuesday 28 April 2009

ഇരുട്ട്

ഞാൻ മുറിയിൽ കയറിയപ്പോൾ
ഇരുട്ട്‌ ഒരു മൂലയിൽ കസേരയിട്ട്‌ ഇരിക്കുകയായിരുന്നു.
പേടിച്ച്‌ പേടിച്ച്‌
ഞാൻ ശബ്ദമുണ്ടാക്കാതെ കിടയ്ക്കരികിലേയ്ക്ക്‌ നീങ്ങി.
പക്ഷെ,
ആണിയിൽ കുടുങ്ങി പാവാട കീറിയ ശബ്ദം കേട്ട്‌
അത്‌ എന്റെ നേർക്ക്‌ തിരിഞ്ഞു.
വിയർത്തൊഴുകി പകച്ചു നിന്ന എന്നെ
അത്‌ തലോടി.
മുടികൾക്കിടയിലൂടെ
മിനുസമുള്ള വിരലുകൾ ഒഴുകിയപ്പോൾ
ഞാൻ ആദ്യമായി ആ മുഖം കണ്ടു.
ഇരുട്ട്‌ എനിക്ക്‌ പാവാട ചുറ്റി.
അത്‌ എനിക്ക്‌ രഹസ്യത്തിൽ സമ്മാനങ്ങൾ തന്നു.
ഒടുവിൽ
ഇരുട്ടിനെ ഞങ്ങൾ ഭയക്കുന്നു
എന്നു ഞാൻ പറഞ്ഞപ്പോൾ
ഇരുട്ട്‌ കണ്ണീര്‍ പൊഴിച്ചു.
പെട്ടെന്നുള്ള പ്രകാശത്തിൽ കാഴ്ച്ച മങ്ങി

കുഞ്ഞു കുഞ്ഞു കവിത

ഒരു കവിത കാറ്റിൽ പറന്നു കളിക്കുന്നുണ്ടല്ലോ
അൽപം നാണത്തോടെ,
അടുക്കൽ വരാനുള്ള ഭയത്തോടെ,
തുമ്മാനഞ്ഞത്‌ തടഞ്ഞ്‌,
...അങ്ങനെ നടന്നപ്പോൾ
പുസ്തകക്കെട്ടിൽ ഒരു
പല്ലി വന്നു പതിച്ചുവല്ലോ.
പൊടിയനങ്ങുകയും ചെയ്തല്ലോ
ഹാ‍ാ‍ാച്‌ഛീ‍ീ...
കൊച്ചു കവിതേ
നീ തെറിച്ചുപോയോ??

കാറ്റിലാടല്‍

കള്ളിമുൾവേലികൾക്കിടയിലൂടെ
കഷ്ടപ്പെട്ടോടിയാണു
പണ്ട്‌ ഞങ്ങൾ കളിച്ചിരുന്നത്‌.
അങ്ങനെ കളിക്കുമ്പോള്‍
പലപ്പോഴും കുപ്പായം കീറുകയും
കയ്യോ കാലോ ചന്തിയോ
മുറിയുകയും ചെയ്തിരുന്നു.
ചൂളമരത്തിന്റെ കൊമ്പുകളില്‍
അള്ളിപ്പിടിച്ചു കേറുന്നത്‌
മറ്റൊരു വിനോദമായിരുന്നു.
ഏറ്റവും മുകളിലത്തെ കൊമ്പില്‍ നിന്നു നോക്കിയാൽ
ശവപ്പറമ്പ്  മുഴുവനും കാണാമായിരുന്നു.
അവിടെയാണ് എന്റപ്പനെ കാണാതെ പോയത്.
കാഞ്ഞിരമരത്തിനടുത്തുള്ള ആ വാതിലിലൂടെ
അപ്പൻ ശവപ്പറമ്പില്‍ കയറുന്നത്‌
ചൂളമരത്തിൽ
കാറ്റിനോടൊപ്പം ആടിയാണു
ഞാൻ കണ്ടത്‌.
കാറ്റ് ശക്തി വച്ചപ്പോൾ
ഞാൻ ആദ്യമായി മരത്തിൽ നിന്ന് വീഴുകയും
വലിയ വായിൽ നെലോളിക്കയും ചെയ്തതിനാൽ
അപ്പനെ അധികമങ്ങ്‌ ശ്രദ്ധിക്കാന്‍ പറ്റിയില്ല.
ആരൊക്കെയോ ഓടിക്കൂടിയപ്പോഴും
എന്റെ മുറിവുകളെപ്പറ്റിയല്ലാതെ
ദുരൂഹമായ ആ തിരോദ്ധാനത്തെപ്പറ്റി
ഞാൻ മിണ്ടിയതേ ഇല്ല
അങ്ങനെയായിരിക്കണം
ഉറങ്ങുമ്പോള്‍ കെട്ടിപ്പിടിക്കാറുണ്ടായിരുന്ന
എന്റപ്പനെ എനിക്ക് നഷ്ടപ്പെട്ടത്‌.
പക്ഷെ,
എന്റെ കുട്ടിക്കളി ഞാൻ നിർത്തിയിട്ടില്ല.
എങ്ങാനും കാണാതെപോയ അപ്പൻ
ശവപ്പറമ്പില്‍ വീണ്ടും പ്രത്യക്ഷനായാലോ?
ഒരു കാറ്റത്ത്‌,
അല്ലെങ്കിലൊരു പേമാരിയിൽ,
അതുമല്ലെങ്കിൽ
എന്റെ നെഞ്ചകത്ത്‌?

Sunday 26 April 2009

നുണച്ചി

നുണച്ചി
എന്റെ മുടിക്ക്‌
സത്യമായിട്ടും മുട്ടോളം നീളമുണ്ടു
പക്ഷെ അതിലു ആനയോളം പോന്ന പേനുകളാണു
പേനുകൾ കുടിക്കുന്നത്‌
എന്റെ തലേലെ ചോരയാണു.
എന്റെ തലേലെ ചോരയ്ക്ക്‌
നിറം വെളുപ്പാണു
വെളുപ്പിൽ അരിക്കുന്നതു പുഴുക്കളല്ല
സത്യമായിട്ടും അതു വിപ്ലവമാണു.
മഷി മണക്കുന്ന വിപ്ലവം.
വിപ്ലവത്തിനു പെങ്ങന്മാർ രണ്ടാണു.
ഒന്നാണും മറ്റതു പെണ്ണും.
അപ്പൊ സത്യമായിട്ടും ആണു പെണ്ണാണെന്നു നിങ്ങൾക്കറിയില്ല?

Saturday 25 April 2009

മഴ പെയ്യുമ്പോള്‍ സാധാരണയായി

ഒരു മഴ കൂടി പെയ്തു തോർന്നിരിക്കുന്നു.
ശെരിയാണു സുഹൃത്തേ,
നിങ്ങൾ എടുത്ത പടങ്ങളും,
വായിക്കാൻ തന്ന പുസ്തകവും,
പിന്നെ ഒരു മുന്നൂറുരൂപ കടവും
ഇപ്പോഴും എന്റടുക്കലിരിപ്പാണു.
ഇനിയുമിനിയും കാണാൻ ഞാനുണ്ടാക്കിയ കാരണങ്ങൾ.
നീരസപ്പെടണ്ട.
തമ്മിൽ കാണാതെ പറഞ്ഞ പോലെ തിരിച്ചുതരാം.
പിന്നെയുമുണ്ടു പലതും.
മനസ്സിൽ അവിടവിടെയായി അൽപം വെദന.
ഒരിക്കലും പുറത്തുവരാതെഎവിടെയോ കെട്ടി നിൽക്കുന്ന കണ്ണീരു.
വിശപ്പ്‌ പന്കിടുംപോള്‍ ഒരുമിച്ചു കഴിക്കാന്‍ ഞാന്‍ മനസ്സില്‍ ചുട്ട മണ്ണപ്പങ്ങൾ
താഴെ ബഹളങ്ങൾക്കിടയിൽ നമുക്കായ്‌ മോഷ്ടിച്ച സമയത്ത്‌
ആരും കാണാതെ ഉമ്മ വയ്ക്കാൻ ഞാൻ വലിച്ച്ചടച്ച്ച ജനലുകൾ.
അതുകൊണ്ടു നമ്മൾ കാണാതെപോയ കാഴ്ച്ചകൾ.
മറ നീക്കി വരാൻ ഇപ്പോഴും മടിക്കുന്ന ചില കുന്ജ്ഞ്ഞു സംഭാഷണങ്ങൾ.
നമ്മുടെ മണങ്ങൾ വാർന്നു പോകാതിരിക്കാൻ
ഞാൻ മാറ്റാതെ സൂക്ഷിച്ച മുഷിഞ്ഞ മെത്തവിരി.
നന്നാവുമെന്നു കരുതി
നമ്മൾ പച്ച നിറമടിച്ച ചുവരുകൾ.
അതിനപ്പുറത്തേയ്ക്ക്‌ പോകാൻ കഴിയാതെ
മുറിക്കുള്ളിൽ വീര്‍പ്പു മുട്ടുന്ന നമ്മുടെ ശബ്ദങ്ങൾ,
അതിന്മേൽ നമ്മുടെ നഖങ്ങൾ കോറിയിട്ട ഭ്രാന്തൻ ചിന്തകൾ.
നമുക്കിടക്കിടെ വരാറുള്ള തലവേദന
അതിനു മരുന്നായി ഉപയോഗിക്കാൻ
നമ്മൾ കാത്തിരിക്കറുള്ള മഴ,മദ്യം....
കുറച്ചുകൂടി സമയം
തട്ടിൻപുറത്തു തപ്പിയാൽ കിട്ടുന്ന സാധനങ്ങൾ വേറെ.
അതിൽ നമ്മുടെ പാട്ടുകൾ പാടുന്ന പഴഞ്ചൻ റെക്കാർഡർ,
നിങ്ങൾ എനിക്ക്‌ തരാമെന്ന്‌ പറഞ്ഞ്‌ പറ്റിച്ച കാസറ്റ്‌ ശേഖരം
എന്നിവ തീർച്ചയായും കാണും.
നോക്കാൻ മെനക്കെടണ്ട.
നിറച്ചും പൊടിയാണു.
ജലദോഷം നിങ്ങൾക്കു പണ്ടേ വെറുപ്പാണ്,എനിക്കറിയാം
വെറുതെ ഓർമിച്ചു,പലതും.
ഈ നശിച്ച മഴയെ പറഞ്ഞാൽ മതിയല്ലോ.
മാരണം.
പോയ്‌ തുലയട്ടെ.
എല്ലാം.

Friday 24 April 2009

ഉഷ്ണകാലത്തെ നേരമ്പോക്കുകള്‍

നമുക്കു ഒരു നേരമ്പോക്കിലേര്‍പ്പെടാം.
ഈ ഉഷ്ണത്ത്‌ നമുക്കു വെറുതെ വിയര്‍ത്തിരിക്കാം
ജനലുകള്‍ തുറന്നിട്ടു
കാറ്റു വരുമെന്ന് പ്രതീക്ഷിക്കാം.
ഐസുവെള്ളം കുടിച്ചു വയറു വീര്‍പ്പിക്കാം.
എന്നിട്ട്,
എല്ലാവരും ഒരുച്ചയുറക്കത്തിലമരുംബോൾ
നമുക്കു പതുക്കെ
ഒഴിഞ്ഞ മുറിയിലെ കട്ടിലില്‍ ചെന്നിരിക്കാം.
മുഷിഞ്ഞ വിരികളില്‍ പഴയ കളിക്കോപ്പുകള്‍ തപ്പാം.
നമുക്കു മുഷിയുമ്പോള്‍ വിയര്‍പ്പില്‍ കെട്ടിപ്പിടിച്ചു കിടക്കാം.
പിന്നെയും മുഷിയുമ്പോള്‍ നമുക്കു
അപ്പച്ചന്റെ തലയിണയ്ക്കടിയിലെ വീശറി എടുക്കാം .
എന്നിട്ട് ഞാന്‍ പറഞ്ഞ നേരമ്പോക്കിലെര്‍പ്പെടാം.
നീ കട്ടിൽപ്പടിക്കപ്പുറം
ഞാനിപ്പുറം
എന്നിട്ട് വീശുക.
നിന്റെ മണം അങ്ങോട്ട്
പിന്നെ ഇങ്ങോട്ട്
ഇനി ഞാന്‍.
എന്റെ മണം അങ്ങോട്ട്
പിന്നെ ഇങ്ങോട്ട്
നല്ല നേരമ്പോക്കുകള്‍ ഉഷ്ണകാലത്തെ ഉണ്ടാകൂ
എന്നു ഞാന്‍ പറയുന്നതു എത്ര ശരിയാണ്
പിന്നെ മണംകള്‍ക്കും മുഷിയുമ്പോള്‍ അവര്‍ ചെയ്തോളും .
വേണ്ടത് .
(വേണ്ടാത്തതും.)