Tuesday 6 January 2015

പറയേണ്ടെന്ന് വെച്ച നുണകള്‍

ധൃതിയില്‍ വലിച്ചടച്ച് താഴിട്ട വാതില്‍.
പുറത്തൊരല്‍പം മാത്രമായിപ്പോയ കര്‍‌ട്ടന്‍.
ഉച്ചസ്ഥായിയിലെത്തും മുമ്പ് മൃതിയടഞ്ഞൊരു നിലവിളി
തൊണ്ടയില്‍ കുരുങ്ങിക്കിടപ്പായ വേദന.
ഈ വീടിന്റെ ജനാലയിലൂടെ നോക്കിയാല്‍ കടല്‍ കാണാമെന്ന്
നിങ്ങളെ പറഞ്ഞ് വിശ്വസിപ്പിക്കണമെന്നുണ്ട്.
വയ്യ.
ഇവിടെ വന്നാല്‍
നഗരവീഥികളിലൂടെ ഒരുമിച്ചലഞ്ഞും
പാണ്ടികശാലകള്‍ക്കു മുമ്പിലെ
അവിശ്വസനീയമായ ഏകാന്തതയില്‍
ഒരു പെട്ടി കഥകള്‍ ചുമട്ടിറക്കി
അന്തവും കുന്തവുമില്ലാതെ
കടലിനെ നോക്കിയും
അതിലൊരല്‍പം കടമെടുത്ത്
കണ്ണെഴുതിയും
വില്‍ക്കാന്‍ പോലും മറന്നുപോയ
കടല കൊറിച്ചും
ഒടുക്കമില്ലാതെ സംസാരിച്ചും
നിങ്ങളെ ഞാന്‍ സ്നേഹിക്കുമെന്നും
പറയണമെന്നുണ്ടെങ്കിലും വയ്യ.

എന്റെ ജനാലകള്‍ക്ക് തുരുമ്പെടുത്ത വിജാഗിരിയും
എത്രയെണ്ണയിട്ടാലും ഒടുങ്ങാത്തൊരു ഞരക്കവും മാത്രമാണുള്ളത്.
അതിനുമപ്പുറം കടലോ തിരമാലകളോ ഇല്ല.
കഥകളോ കണ്‍മഷിയോ കൊണ്ടുതരിക സാധ്യമല്ല.
എന്തിന് ഇറ്റിറ്റ് വീഴുന്ന അടുക്കളപ്പൈപ്പിന്റെ പിരിയൊന്ന് മുറുക്കാന്‍ പോലും
എനിക്കാവതില്ല.
വെറും വിഷാദത്തില്‍ ഒരാണ്ടുകൂടി
ചുരുണ്ടുകൂടിക്കിടന്നുതീര്‍ക്കാന്‍ മാത്രം
ഇങ്ങോട്ട് വരിക.
വാതില്‍ താനേ തുറക്കുക.
ചിലപ്പോള്‍ ഞാന്‍ ശ്വസിക്കുന്നുണ്ടാകില്ല.
എങ്കിലും അടുത്തു വന്നു കിടന്ന്
ഒച്ചയനക്കമുണ്ടാക്കി
കുമിഞ്ഞു കൂടിയ
പൊടിയല്‍പം പറത്തിയാല്‍
തുമ്മാനാഞ്ഞെന്ന് തോന്നിപ്പിക്കും വിധം
ഒരു പാട്ടുയരുന്നത് കേള്‍ക്കാന്‍ കഴിഞ്ഞേക്കും
ഹൃദയം മിടിച്ചു തുടങ്ങുന്നതാണ്.
കാതോര്‍ത്തില്ലെങ്കിലും
കൂടെ മിടിച്ചാല്‍ മതി.
ഒരുമിച്ച് ശ്വസിച്ചാല്‍ മതി.
ജീവന്‍ നിലനിര്‍ത്താന്‍
അതു മാത്രം മതി.