Monday 30 November 2009

കടല്‍

സുന്ദരീ,
നിന്റെ കടല്‍ക്കണ്ണുകളില്‍
ഒരു തിരമാല,
ഒരു തോണി,
ഒരു കാറ്റ്.
പിന്നെ എന്റെ
കീറിയ ചുവന്ന തൊപ്പിയും.

Sunday 29 November 2009

മഴ പെയ്യുന്നത്

മഠയന്‍ ചെറുക്കാ ,
മനസ്സിലാക്കുക .
പുഴയരികില്‍ നീ നില്‍ക്കുമ്പോള്‍
മഴ പെയ്യിച്ചത്
ഞാനായിരുന്നു.
നിനക്കുവേണ്ടി.

പെണ്ണിനോട്

പെണ്ണേ ,
കലങ്ങിയ കണ്ണുകളുമായി ,
നീണ്ട നിഴലുകള്‍ വരച്ച് ,
പാവാടയൊഴുക്കി
നീ വൈകുന്നേരങ്ങളില്‍ നടന്നുപോകുംപോഴോക്കെയും
ഞാന്‍ മനസ്സില്‍ പ്രാര്ഥിക്കാറുണ്ട് ,
ബസ്സൂകളൊന്നും ദേഷ്യത്തില്‍ നിലവിളിക്കരുതെന്നു .
ഇലകള്‍ പതിവിലും ഉന്മേഷത്തോടെ ഇളകരുതെന്നു ,
രാത്രി വേഗത്തില്‍ കനക്കരുതെന്നു ,
കടക്കാരന്‍ വെറുതെ ചില്ലറയ്ക്ക് ചോദിക്കരുതെന്ന് .
ഇതിലേതെങ്കിലും ഒന്നു ,
നിന്നെ സങ്കടം കൊണ്ടു വീര്‍പ്പു മുട്ടിച്ചു നീ മരിച്ചു പോയാലോ എന്നാണെന്റെ പേടി .
അതുകൊണ്ട്
കണ്ണേ ,
കരയാതെ ,
എന്റെ പെണ്ണേ,
കണ്മഷി പരത്താതെ .

കവിയുടെ കാമുകി

നിന്റെ മുടിയിഴകള്‍ക്കിടയിലൂടെ
നക്ഷത്രങ്ങള്‍ കാണുമ്പോഴും
നിന്റെ മുലകള്‍ക്കിടയിലെ കുഞ്ഞുരോമങ്ങളിലൂടെ വിരലോടിക്കുമ്പോഴും
നിന്റെ രുചിയില്‍ മയങ്ങുമ്പോഴും
നീ മുടിയില്‍ ചൂടാറുള്ള പൂവുകള്‍
വഴിയരികില്‍ നിന്നു എന്നും പറിക്കുമ്പോഴും
നിന്റെ പൂച്ചക്കുട്ടികളുടെ മണങ്ങള്‍ ഓര്‍ത്തെടുത്തു സൂക്ഷിക്കുമ്പോഴും
പിന്നെ നിന്നെ മനസ്സില്‍ താലോലിച്ചു
നീണ്ട നീണ്ട യാത്രകള്‍ക്ക്
പോകുമ്പോഴും
ഞാന്‍ ഓര്‍ക്കാറുണ്ട് ; ചിലപ്പോഴൊക്കെ .
കണ്ണടകള്‍ വെച്ച
മുടി വശങ്ങളില്‍ ലേശം നരച്ച ,
കവിയായ നിന്റെ കാമുകനെ പറ്റി .
അയാളുടെ
എത് കവിതയിലാണ്
നിനക്കിക്കണ്ട സ്നേഹമത്രയും ഉണ്ടായതെന്ന് .
ഏത് ആകാശത്തിനും
പാട്ടിനുമിടയിലാണ്
നിങ്ങള്‍ കാമിക്കാറെന്ന് .
ഏത് പൂക്കള്‍ക്കിടയില്‍ ,
ഏത് മരത്തിനു ചുവട്ടില്‍ ?