Tuesday 19 November 2013

തൃശ്ശൂര്‍ പൂരം

പണ്ട്
കുറച്ചധികം നിലകളുള്ള,
അടുത്തുള്ളൊരു
കെട്ടിടത്തിന്റെ
മട്ടുപ്പാവില് നിന്ന്
അപ്പനുമമ്മേം തൃശ്ശൂര്‍ പൂരം
കണ്ടപ്പം
ഞാന്‍
അമ്മേന്റെ വയറ്റിലായിരുന്ന്.
അന്നവരുടെ കൈയ്യിലത്രയൊന്നും പൈസയുണ്ടായിരുന്നില്ല.
അധികം വൈകാതെ പുറത്ത് വരാന്‍
പോകായിരുന്ന
എനിക്ക് കുഞ്ഞുടുപ്പും കിലുക്കുമൊക്കെ വാങ്ങേണ്ടതെങ്ങനെയെന്നാലോചിച്ച്
അമിട്ട് പൊട്ടണ വെളിച്ചത്തില്‍
അമ്മേന്റെ കണ്ണ് നെറഞ്ഞത്
അപ്പന്‍ കാണേം
പിന്നെ കാണാത്ത പോലെ നടിക്കേം
ചെയ്തിരുന്ന്.
പിന്നെ ഞാന്‍ വന്ന വരവില്
അവര് ഉമ്മ കൊറെ
വെച്ചിരുന്ന്.
ഉടുപ്പിന്റേം കിലുക്കിന്റേം കാര്യമൊക്കെ
മറന്നും പോയിരുന്ന്.
ആ വകേല് എനിക്ക്
ഉമ്മ കൊറച്ചധികം കിട്ടേം
ഞാനുറക്കത്തില്
കരയാണ്ടിരിക്കേം
ഉരുണ്ട് പെരണ്ട് വീഴാണ്ടിരിക്കേം
ചെയ്തിരുന്ന്.
നമുക്കത്രയൊന്നും പൈസയില്ലാത്ത കാലത്ത്
നമ്മളൊക്കേം
മട്ടുപ്പാവീനിന്ന് കണ്ട
തൃശ്ശൂര്‍ പൂരോം
അമിട്ടും
ഉമ്മേമൊക്കെക്കാരണാണ്
ഞാനിപ്പഴും
ചിരിക്കുമ്പം
കണ്ണ് നെറയണതും
അതമ്മ കാണേം
പിന്നെ കണ്ടില്ലാന്ന് നടിക്കേം
ചെയ്യണത്.
ചിരിക്കുമ്പം എന്നെക്കാണാനപ്പനെപ്പോലെയാണല്ലോ.
ഉമ്മകളൊക്കേം
അമ്മയ്ക്കുമെനിക്കും തന്ന്
അപ്പന്‍ മരിച്ചും പോയിട്ടിപ്പം
കൊല്ലം
പത്തുപതിനേഴായല്ലോ.






3 comments:

  1. oru kunjila pole thanne..nannayirikkunnu!

    ReplyDelete
  2. കാണേം ,പിന്നെ കാണാത്ത പോലെ നടിക്കേം...!

    lump in my throat...:(

    ReplyDelete