Showing posts with label പ്രണയമുള്ളവ എന്നാല്‍ പ്രണയത്തെക്കുറിച്ചല്ലാത്തവ. Show all posts
Showing posts with label പ്രണയമുള്ളവ എന്നാല്‍ പ്രണയത്തെക്കുറിച്ചല്ലാത്തവ. Show all posts

Tuesday, 17 December 2013

എത്രയും പ്രിയപ്പെട്ട

ഇന്നാളൊരു ചിത്രം കണ്ടു.
സൂര്യനസ്തമിക്കാറാവുന്ന നേരത്ത്
ഒരു പുഴ.
സ്വര്‍ണവും വെള്ളവും ഇടകലര്‍ന്ന്
രശ്മികളൊളിച്ച് കളിക്കുന്ന
വെള്ളം.
പെട്ടന്നോര്‍മ വന്നത്
കുറെയധികം
ആശംസാകാര്‍ഡുകളാണ്.
പിറന്നാള്‍,
ക്രിസ്മസ്,
വിവാഹവാര്‍ഷികം.
പണ്ടൊരു പെട്ടി നിറച്ചുമുണ്ടായിരുന്നു അത്.
കുറെനാള്‍ സൂക്ഷിച്ച് വച്ചിരുന്നു.
മാസം മൂന്നോ നാലോ കൂടുമ്പോളെല്ലാമൊന്നെടുത്തുനോക്കും.
അതിലെ നിറങ്ങളാണിത്.
ഈ ചിത്രം തന്നെ പല പ്രാവശ്യം കണ്ടിരിക്കുന്നു
നിങ്ങള്‍ക്കും കുടുംബത്തിനും
അതിന്റെയോ ഇതിന്റെയോ ആശംസകളെന്ന്.
ചിലവയില്‍ ഇരട്ടവാലന്മാരുണ്ടാകും.
വലിയ കാര്യമൊന്നുമില്ല.
ഇപ്പോളവയെവിടെയാണെന്നറിയുകയുമില്ല.
എന്നാലും ഈ നിറങ്ങളെപ്പോഴും
ഭൂതകാലത്തിന്റെ.
സ്നേഹത്തോടെയെന്നും
എത്രയും പ്രിയപ്പെട്ടയെന്നുമെല്ലാം
എഴുതപ്പെട്ടിരുന്ന ഒരു കാലത്ത്
കുറെ മനുഷ്യര്‍
തിരഞ്ഞ് കണ്ടുപിടിച്ച
ചിത്രങ്ങള്‍.
ചിലവയില്‍ കാണാം,
എനിക്കൊപ്പം ജനിച്ചവരുടെ
കൈയ്യക്ഷരം.
കൊച്ചുമക്കളെക്കൊണ്ട് എഴുതിപ്പിക്കുന്നതാണ്.
ഉമ്മയെന്നും മറ്റും.
ചിലപ്പോളിത്തരം ചിത്രങ്ങള്‍
വെറുതേ ചില സ്നേഹങ്ങളിലേയ്ക്ക് കൊണ്ടുപോകും.
പിന്നെ മരിച്ചവരവരെല്ലാവരുമെന്നോര്‍ത്ത്
വേണ്ടെന്ന് വയ്ക്കും.
ഈ ക്രിസ്മസ്സിന് കാര്‍ഡുകളയയ്ക്കണം
എല്ലാവര്‍ക്കും.
പോട്ടെ.
നടക്കുകയില്ല.
ഒന്നും.

Friday, 20 September 2013

അങ്ങനെയിരിക്കെ.


വെയിലാറുന്നതും കാത്ത് 
പകുതിമയക്കത്തിലാണ് 
പുറത്ത് ചെടികള്‍. 

നഗരശബ്ദങ്ങള്‍ 
ദൂരത്തെവിടെയോ ആണല്ലോയെന്ന-
യാശ്വാസം മാത്രമാണ്
മുറിയില്‍ നിനക്ക് കൂട്ട്. 

അലസനൊരു പൂച്ച 
മറന്നുവെച്ചുപോയ കോട്ടുവായ കണക്ക്
വാടിത്തളര്‍ന്ന്
ജനല്‍ത്തിണ്ണമേല്‍ 
നീ നട്ടൊരു ചെടി.

പണ്ടൊരുകാലത്ത്
ദിവസങ്ങള്‍ പോകുന്നതറിയാതെ-
യൊരു മുറിയി-
ലൊരു കിടക്കമേല്‍ മാത്രമായിരിക്കാന്‍
കൊതിച്ചതാണോ
കടിച്ച നഖം 
ചുമരില്‍ പറ്റിച്ചുവെച്ചുകൊണ്ട് 
നീയോര്‍ക്കുന്നത്. 

അടുത്ത മുറിയില്‍നിന്നും
പ്രെഷല്‍ കുക്കറിന്റെ കൂക്കുവിളി
ഒരു കാലന്‍ കോഴി കണക്ക്
ജിജ്ഞാസയുണര്‍ത്തുന്നുവല്ലേ. 
സത്യത്തിലെന്താണ് കാലന്‍ കോഴി. 

ഇതൊക്കെയുമാലോചിക്കുന്നതുകൊണ്ടാണോ
ഇക്കണ്ടയില്ലായ്മകള്‍ കൊണ്ടാണോ
നിന്റെ മുറിയില്‍ സമയമില്ലാത്തതും
നീ കിടന്നകിടപ്പില്‍നിന്നനങ്ങാത്തതും.
ശരിക്കും ഇതെല്ലാമൊരു ചിത്രമല്ലേ.
ചായമുണങ്ങാന്‍ വെച്ചുപോയൊന്ന്. 

വെയിലാറുന്നതിനും മുമ്പുള്ള നിമിഷങ്ങളിലാണ് 
മനുഷ്യര്‍ മരിച്ചുകൊണ്ടിരിക്കുന്നതെന്ന് തോന്നുന്നു. 

Thursday, 12 September 2013

മഴക്കാലത്തെ മുറിവുകള്‍

മഴക്കാലത്തെ മുറിവുകള്‍ സൂക്ഷിക്കണം.
ഉണങ്ങാന്‍ പ്രയാസമാണ്.
അണുക്കളുടെ ആക്രമണം ശക്തം.
ഇന്നാളൊരു കുളത്തില്‍
കാലൊന്ന് നനയ്ക്കാനിറങ്ങിയതാണ്.
മുരുക്കിന്‍ മുള്ളുപോലത്തതെന്തോ കൊണ്ട്
കാല്‍വെള്ള കീറിയിരിക്കുന്നു.
നീറ്റലസഹ്യം.
വേച്ചുവേച്ചേ നടക്കാനൊക്കൂ.
തൊലി പിളര്‍ന്ന് റോസാപ്പൂ നിറത്തില്‍
മാംസം.
മണല്‍ കയറിയാല്‍ തരുതരുന്നനെ
അറിയാം വേദന.
അറിയാതെയെവിടെയെങ്കിലുമൊന്നുരഞ്ഞാല്‍
കണ്ണിലിരുട്ട്.
കാലവര്‍ഷം തകര്‍ത്ത് പെയ്യുമ്പോള്‍
കട്ടന്‍ ചായയും കായവറത്തതുമായി
പഴയ പ്രേമം വല്ലതുമോര്‍ത്തിരിക്കാനുള്ളതിനി-
തിപ്പോള്‍ വെറും പുകച്ചിലാണ്.
കാര്യമെല്ലാം ശരിയാണ്.
കുറച്ച് കഴിഞ്ഞാലുണങ്ങണ്ടതാണ്.
എന്നാലും പറയട്ടെ,
ഡെറ്റോളും ബെറ്റാഡിനുമെല്ലാ-
മെത്ര തേച്ചുപിടിപ്പിച്ചാലും
കുളത്തില്‍ മുള്ളുകളനവധിയാണ്

മഴക്കാലത്തെ മുറിവുകള്‍ ഉണങ്ങാന്‍ പ്രയാസമാണ്.  

Thursday, 16 August 2012

ചായമടി

എന്തൊരു രസമാണിത്!
മഴയാണെങ്കിലും
ചുമരുകളില്‍ ഈര്‍പ്പമുണ്ടാകാമെങ്കിലും വെറുതേയിങ്ങനെ ചായമടിക്കാന്‍.
ഇമല്‍ഷനെന്നോ ഇനാമലെന്നോ ഇല്ലാതെ
കൈമെയ് മറന്ന്
ഈ വെറും മണങ്ങളില്‍
മുഴുകി
ആകെയലങ്കോലപ്പെടുത്തി
എന്നാലൊട്ടും ഭീകരമല്ലാത്ത
ഒരു ഭീകരതയിലേയ്ക്ക്
പതിയെ
വഴുതിവീഴാന്‍.
മരിച്ചവരുടെപോലും
വിരല്‍പാടുകള്‍
ചായങ്ങളുടെ അഹങ്കാരത്തില്‍ മുക്കി
മായ്ച്ചു മായ്ച്ചു കളയുമ്പോള്‍
ശരീരത്തില്‍ പടരുന്ന
പേരറിയാത്ത പേടികളെ
പിന്നെയും കളിയാക്കിക്കുഴിച്ചുമൂടാന്‍.

മേലാസകലം പൊട്ടും പൊടിയുമായി
ചുമരുകളോട് തോറ്റ്
ശബ്ദമുണ്ടാക്കാതെ
നടന്നകലുന്ന എന്നെ
നിങ്ങള്‍ പെട്ടെന്ന് തിരിച്ചറിയും.
വര്‍ഷങ്ങള്‍ക്കുശേഷം
ചായത്തില്‍ മുങ്ങിയ എന്റെ കാല്‍പാടുകള്‍
നടന്നടുത്ത
അടുക്കളയില്‍ നിന്ന്
സ്വര്‍ണം മാറ്റി പച്ചയോ
നീലയോ പൂശിയ
വൈവിധ്യമാര്‍ന്ന പല
ആഭരണങ്ങളും കണ്ടെടുക്കും.
അവിടെനിന്നും പിന്നെ ഞാന്‍
നടന്നകന്ന വഴികളറിയാതെ
വിഷമിച്ച്
ഞാന്‍ ചായമടിച്ച ചുമരുകളില്‍ത്തന്നെ
ആണികളടിച്ച്
എന്റെ ബാല്യകാല ചിത്രങ്ങള്‍ തൂക്കും.
ഛെ!
എന്തൊരന്ത്യമാകുമായിരിക്കും അത്!







Thursday, 9 August 2012

ശാഖാചംക്രമണം

എമ്പാടും ചില്ലകളുള്ള
ഒരു നല്ല മരത്തിന്റെ
ഏറ്റവും ഉയര്‍ന്ന കൊമ്പില്‍ ചെന്ന്
ഒരു ചില്ലയില്‍ നിന്ന് മറ്റൊന്നിലേയ്ക്ക്
അതില്‍ നിന്ന് വേറൊന്നിലേയ്ക്ക്
അവിടെനിന്നും പിന്നെ-
യെന്നാണെന്റെ പോക്ക്.
ഓരോ ചില്ലയിന്മേലും തങ്ങുന്ന
ആ അല്പനേരത്തില്‍
കാല്‍വെള്ളയിലിക്കിളിയാക്കുന്ന
ഇലകളോ മരമോ
അറിയുന്നുണ്ടോ
എന്റെ ചങ്കിടിപ്പും
താഴേയ്ക്ക് നോക്കിയാല്‍
കാണുന്ന
പേടികളും.
ഇടവിട്ടിടവിട്ട്
വിടരുന്ന പാവടയ്ക്ക്
കീഴെ നിന്ന്
മേലോട്ട് നോക്കി
കള്ളച്ചിരി ചിരിക്കുന്ന
ചില്ലകള്‍ക്കറിയുമോ
എന്റെ കിതപ്പിന്റെ താളം.
ചോര പൊടിയുന്ന കാലുകളില്‍
നിന്നും
കാഴ്ച മറച്ചുകൊണ്ടുള്ള വിയര്‍പ്പില്‍
നിന്നും
ഭീകരമാമൊരലര്‍ച്ചയായി
പടിയിറങ്ങുന്നത്
ആയിരം വിത്തുകളാണ്.
വര്‍ഷങ്ങളുടെ വെയിലാണ്
മരങ്ങളുടെ പാട്ടുകളാണ്.


Tuesday, 31 July 2012

വൈദ്യുതി നിയന്ത്രണം

വൈദ്യുതി നിയന്ത്രിക്കപ്പെടുമ്പോളെപ്പോഴും
പണ്ടത്തെ വെളിച്ചമില്ലായ്മക്കളികളോര്‍മവരും.
വിക്സ് ഡബ്ബയുടെയോ
ഒഴിഞ്ഞ ഫെപ്പാനില്‍കുപ്പികളുടെയോ മുകളിലൊട്ടിച്ച
മെഴുകുതിരിക്ക്
ചുറ്റുമിരുന്ന്
ഞങ്ങള്‍ കുട്ടികള്‍
വളപ്പൊട്ട് കളിക്കുന്നത്.
ആ കളിയേ മറന്നിരിക്കുന്നു.
വെളിച്ചം പോയാലുടന്‍ ഞങ്ങളുടെയിടയില്‍
പരക്കുന്ന
പേടിയും പരിഭ്രാന്തിയും.
വലിയവരാരെങ്കിലും
മെഴുകുതിരിയുമായെത്തുവോളം
അനങ്ങതെ വിറങ്ങലിച്ചിരുന്ന
ഞങ്ങള്‍ പല മുറികളില്‍ നിന്നുമായി പറയാതെ പലതും പറയുമായിരുന്നു.
നിഴലുകളാല്‍ പേടിച്ച്
ഒച്ചയനക്കങ്ങളാല്‍
കണ്ണടച്ച് പ്രാര്‍ഥിച്ച്
ഒടുവില്‍ വളപ്പൊട്ടുകളില്‍
അഭയം പ്രാപിച്ച ഞങ്ങള്‍
പിന്നെയെല്ലാം മറന്നിരുന്നു.
ഇപ്പോള്‍
പ്രണയമെന്നോ സൌഹൃദമെന്നോ ഇല്ലാത്ത
ചില രാത്രികളില്‍ ചിലര്‍
ഒരുമിച്ചൊരു സ്വീകരണമുറിയില്‍.
അല്‍ഭുതമെന്നോണം
അവര്‍ക്കിഷ്ടം ഒരേ പാട്ടുകള്‍.
അവരുടെ തമാശകളൊന്ന്.
എത്ര തിരഞ്ഞാലും
അവരുടെ മെഴുകുതിരികള്‍
കണ്ടുപിടിക്കുക സാധ്യമല്ല.
പഴയ പല വെളിച്ചമില്ലായ്മക്കളികളും ഓര്‍ത്തെടുക്കാന്‍
പാടുപെട്ട്
പിന്നെ മിനക്കെടാതെ
വേഗം
സന്തോഷത്തോടെ
കൊതുകുകടിവിശേഷങ്ങളിലേയ്ക്കും
വീട്ടുവാടകവര്‍ത്താനങ്ങളിലേയ്ക്കും പോകുന്നവര്‍.
വൈദ്യുതി നിയന്ത്രണം
ചില രാത്രികളിലെ ചില മനുഷ്യരാണ്.









Friday, 4 May 2012

ബാല്‍ക്കണിയില്‍ ഫോണില്‍ സംസാരിക്കുന്ന യുവാവും നിലാവും രാത്രിജീവിതവും മറ്റും.

ഒരു ലോഡ്ജാണത്.
കള്ളുകുടി സംഘങ്ങള്‍ സ്ഥിരമായി ഒത്തുചേരാറുള്ള
മുറുക്കിത്തുപ്പിയ പാടുകളുണ്ടെന്നെനിക്കറിയാവുന്ന
മുറികളുള്ള
തീരെ വിലകുറഞ്ഞ.
താഴെ റോട്ടില്‍
വളരെ നിശ്ശബ്ദമായി കിടക്കുന്ന ഒരു പലചരക്കുവണ്ടി,
കുറച്ചു കടകള്‍.
ഒരു വഴിവിളക്ക്.
ഒട്ടും ഭംഗിയില്ലാത്ത.
എന്നാലും ഏറ്റവും ഇടുങ്ങിയ
ലോഡ്ജിന്റെ ബാല്‍ക്കണിയില്‍
ഫോണില്‍ സംസാരിക്കുന്ന യുവാവ്.
നിറയെ സിഗരറ്റ് കുറ്റികളുള്ളതെന്നെനിക്കറിയാവുന്ന
നിലത്തിരുന്ന്
അലക്ഷ്യമായി
തെരുവിലേയ്ക്കും
നിലാവിലേയ്ക്കുമൊക്കെ നോക്കി.
ഫോണിനങ്ങേത്തലയ്ക്കല്‍
ഒരു പ്രണയം.
താഴെ റോഡിനിരുവശവും
അഴുക്കുചാലുകളും എലികളും മറ്റും.
കുറച്ചകലെ നഗരമധ്യത്തില്‍
പ്രധാന ബസ് സ്റ്റാന്റില്‍ നിന്ന്
മുകളിലേയ്ക്ക് നിലാവിനോട് ചേരാനെന്നവണ്ണം മഞ്ഞവെളിച്ചം.
ഇടയ്ക്കെപ്പോഴോ ലോഡ്ജില്‍ നിന്ന്
ഒരു കുപ്പി പൊട്ടുന്ന ശബ്ദം.
പിന്നീട് ഒച്ചപ്പാട്.
അവിടെ നിന്ന് നോക്കിയാല്‍ ആര്‍ക്കും പ്രഭാതം
വളരെ ദൂരെയാണ്.
ഇവിടെ താഴെ ഈ തിണ്ണയില്‍
മുട്ടിനുമുകളില്‍ നില്‍ക്കുന്ന വരയന്‍ ട്രൌസറിട്ട
ഫോണിന്റെ വെളിച്ചത്തില്‍ പകുതി മാത്രം കാണാവുന്ന
ആരെയോ പ്രണയിക്കുന്ന ആ യുവാവാണ്
ചര്‍ച്ചാവിഷയം.
ആ ബാല്‍ക്കണിയാണ് ഉപന്യാസം.

Sunday, 1 April 2012

ബില്‍ബോര്‍ഡ്

സി എച്ച് ഫ്ലൈ ഓവറിന്റെ മുകളിലൂടെ
പോകുന്നവരെല്ലാവരും
താഴെ പാരഗണില്‍ നിന്നുള്ള മണങ്ങള്‍
ആഞ്ഞു ശ്വസിച്ച്
ചിലപ്പോള്‍ ദീര്‍ഘനിശ്വസിച്ച്.
കിഴക്കും പടിഞ്ഞാട്ടുമായി രണ്ട് ലോകങ്ങളാണ്.
ഒന്നില്‍ പഴമുറക്കാരുടെ നളന്ദയും
റഹ്മത്തും
കുറെ വര്‍ക്ക്ഷാപ്പുകളും മറ്റും.
മറ്റേതില്‍
പുത്തന്‍ കഞ്ചാവും
പുതിയ കാപ്പികുടി സ്ഥലങ്ങളും.

എന്നാലും ആകാശത്തുള്ളതാരുടെയാണെന്ന് മനസ്സിലാവുന്നില്ല.
അവളങ്ങനെ കെടപ്പാണ്.
വെളുത്ത ബാത്റ്റബ്ബില്‍
പതഞ്ഞു പതഞ്ഞങ്ങനെ.
നെഗളിപ്പാണവള്‍ക്ക്.
നേരാംവണ്ണം കുപ്പായമില്ല.
മുല പകുതിയും പുറത്ത്.
ഒരു പതക്കഷ്ണമാണത് മറയ്ക്കുന്നത്.
നിന്റെ നഗ്നത കാണാന്‍
നിശ്ചയദാര്‍ഢ്യത്തോടെ
ചെറുവള്ളികള്‍
മേലാസകലം പടര്‍ന്നുകയറുന്നത്
നീയറിയുന്നുണ്ടോ?
എന്ത് പരസ്യമാണിത്?
ഹ നിന്റെ നോട്ടമെന്തിങ്ങനെ?

ഒളിഞ്ഞും തെളിഞ്ഞും കാണുന്ന നിന്റെ വെളുത്ത,
തരിപോലും രോമമില്ലാത്ത കാലുകള്‍
ഇടയ്ക്കെപ്പോഴെങ്കിലും ഒന്നനക്കണ്ടേ.
തരിപ്പു മാറ്റേണ്ടേ.
ഇടതും വലതും നോക്കാന്‍ തോന്നുന്നില്ലേ?
കണ്ണുകള്‍ ചിമ്മാനെങ്കിലും?
എല്ലാ ദിവസവും തീവണ്ടി കൂവുന്നതിത്രയടുത്ത് കേള്‍ക്കുമ്പോള്‍
നിനക്കത് കാണേണ്ടേ.
അല്ല തീവണ്ടിയെന്താണെന്നാണ്?
അതേയ്...

മഴയും വെയിലും കഴിഞ്ഞ്
മങ്ങലെത്രയേറ്റാലും
വള്ളികളെത്ര പടര്‍ന്നാലും
നീയനങ്ങില്ലേ.

പെണ്ണേ നീയൊന്ന് നിലത്തിറങ്ങ്
പാരഗണില്‍ കേറ്.
ഗോതമ്പു പൊറോട്ട,
മീന്‍ മുളകിട്ടത്.
കോണ്‍വെന്റ് റോഡില്‍ കഞ്ചാവ്.
നളന്ദയില്‍ കൂടെക്കിടപ്പ്.
കടപ്പുറത്ത് പട്ടം പറത്തല്‍
അപ്പുറത്തിപ്പുറത്ത്
ബിരിയാണി.
നീയെന്താണാകാശത്തിങ്ങനെ.
ഛെ!





Tuesday, 27 March 2012

പെര്‍സോണ

പ്രിയപ്പെട്ട സുഹൃത്തേ,
പഴയ പല കാര്യങ്ങളും മറന്നുപോകുന്നു.
നിങ്ങള്‍ പഴയ വീട്ടില്‍ത്തന്നെയാണ് താമസം എന്നല്ലേ പറഞ്ഞത്?
കഴിഞ്ഞ പ്രാവശ്യം അയച്ച ചിത്രങ്ങള്‍ നന്നായിരുന്നു എന്നാണോര്‍മ.
സൂക്ഷിച്ചുവെയ്ക്കാന്‍ തീരുമാനിച്ചു എന്നും.
ഇവിടെ ജനലില്‍ എപ്പോഴും മഴ തന്നെ.
ചിലപ്പോള്‍ ചില പ്രശ്നങ്ങള്‍ മാത്രം.
ചില ഭയങ്ങള്‍.
ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴേയ്ക്കും
ഒരു പരകായ പ്രവേശം നടന്നുകഴിഞ്ഞു
എന്ന് മനസ്സ് പറയും.
അതിനുശേഷം
നോക്കുന്നിടങ്ങളിലെല്ലാം
ദുസ്സൂചനകള്‍ മാത്രം കാണും.
പിന്നെ
അറിയാത്ത
തീരെ പരിചയമില്ലാത്ത കാര്യങ്ങള്‍
ചെയ്യേണ്ടി വരും.
ഓരോ ദിവസവും
രഹസ്യങ്ങള്‍ ചെവിയില്‍ പറന്നെത്തും.
അകാരണമായി ദേഹമാസകലം വേദനിക്കും.
ശരീരത്തില്‍ അജ്ഞാതമായ പലതും നടക്കും.
ഇതുവരെ കേട്ടിട്ടില്ലാത്ത പലതും.
സന്ധ്യയാകുമ്പോള്‍ ഇവിടെ വിളക്കു കത്തിക്കണം.
പക്ഷെ, അപ്പോഴും
പേടി കൂടുകയേ ഉള്ളു.
അരണ്ട വെളിച്ചത്തില്‍
അപരിചിതത്വത്തിന് ആക്കം കൂടും.
ഏറെനാള്‍ കഴിഞ്ഞാല്‍ മാത്രം
മുറിയിലെ രണ്ടാം സാന്നിധ്യത്തെക്കുറിച്ച്
എനിക്ക് ചെറിയ വിവരം ലഭിക്കും.
കള്ളന്‍? കള്ളി?
മെനക്കെട്ട് സത്യം അറിഞ്ഞുവരുമ്പോഴേയ്ക്കും
ഉറങ്ങിപ്പോകും.
പിന്നെ പഴയ പരിചിതത്വം തിരിച്ചുവരും.
എല്ലാം ശരിയാവുമായിരിക്കും. അല്ലേ?
അല്ലെങ്കിലും
നാടകം കഴിഞ്ഞാല്‍ ഗ്രീന്‍ റൂമില്‍
വിയര്‍പ്പുഗന്ധമായിരിക്കുമെന്നും
വസ്ത്രങ്ങള്‍ അന്യോന്യം മാറിയാലും
ആരും ഒന്നും പറയാറില്ലെന്നും
അത്
കുറെ നാള്‍ കഴിഞ്ഞാല്‍
വേഷം വീണ്ടും മാറാമെന്നുള്ളതുകൊണ്ടാണെന്നും
എനിക്കും നിങ്ങള്‍ക്കും
ഒരുപോലെ അറിയാവുന്ന കാര്യങ്ങളാണല്ലോ.
അല്ലേ?‍
                                     സ്നേഹത്തോടെ-

Saturday, 23 October 2010

കുടുംബപ്രാര്‍ഥനകള്‍

നന്മ നിറഞ്ഞ മറിയമേ, സ്വസ്ഥി.
കർത്താവങ്ങയോട് കൂടെ.

അമ്മേ, വേവുന്ന ചോറിന്റെ മണമാണ്‌
എനിക്ക് നിങ്ങൾ.
എന്റെ മുലകൾ
നിങ്ങൾ തേച്ച് കുളിപ്പിക്കാറുണ്ടായിരുന്ന
രണ്ട് തവിട്ട് പൊട്ടുകൾ മാത്രമാണ്‌.
നിങ്ങളുടെ വയറിന്മേലാണ്‌
എന്റെ ആദ്യ പനിസ്വപ്നങ്ങൾ ഞാൻ കണ്ടത്.
എന്റെ ചിത്രങ്ങൾക്കെല്ലാം നിങ്ങളുടെ സാരിയുടെ നിറങ്ങളാണ്‌.

വിളറി വെളുത്ത രാത്രികളിലാണ്‌
ഇപ്പോൾ ഞാൻ നിങ്ങളെ ഓർക്കുന്നത്.
അപ്പോളാണ്‌
നിങ്ങളുടെ പ്രാർത്ഥനാഗാനങ്ങൾ
ഞാൻ ഓർത്ത് പോകുക.
മനസ്സു മടുത്ത രണ്ട് ശരീരങ്ങൾ മാത്രമായിരുന്നു
നമ്മൾ എന്ന്
വേദനയോടെ മനസ്സിലാക്കുക.
അന്ന് ഞാൻ
ആദ്യമായി കുമ്പസാരക്കൂട്ടിൽ നിൽക്കും.
അവിടെ വെച്ച്
പ്രപഞ്ചം എനിക്കു വെളിവാകും.
ഞാൻ മന്ത്രിക്കും:

എന്റെ അമ്മേ,
പരിശുദ്ധേ,
ഇപ്പോഴും,
എന്റെ മരണസമയത്തും,
തമ്പുരാനോടപേക്ഷിക്കേണമേ.

Wednesday, 3 March 2010

വികൃതിക്കുട്ടികള്‍

കുറുമ്പ് കാണിച്ച വളരുന്ന കുട്ടികളെയാണ് എനിക്കിഷ്ടം.
അവര്‍ മൂക്കില്‍ കയ്യിടുന്നവരാണ്.
അവര്‍ തുപ്പലൊലിപ്പിച്ചാണ് നടക്കുക
അവരുടെ പെന്‍സിലുകളുടെ മുനകള്‍ എപ്പോഴും ഒടിഞ്ഞാണിരിക്കുക.
അവര്‍ ഓടുക മാത്രം ചെയ്യും.
അവരുടെ മനസ്സുകളില്‍ വന്‍ വിപ്ലവങ്ങള്‍ക്കുള്ള
കണക്കുകൂട്ടലുകളാണ് നടക്കുക.
അവരുടെ സ്വപ്നങ്ങളിലെ ജീവികളാണ് പില്‍ക്കാലത്ത്
ദിനോസറുകളായത്.
അവരുടെ പാറിപ്പറന്നു കളിക്കുന്ന മുടിയിഴകളിലാണ്
പല വിഖ്യാത പ്രേമ കഥകളും
തളര്‍ന്നുറങ്ങുന്നത്.
കുറുമ്പ് കാണിക്കുന്ന കുട്ടികള്‍
എന്നെപ്പോലെയാണ്.
അവര്‍ക്ക് ദിവസവും എന്നെപ്പോലെ വഴക്ക് കേള്‍ക്കും.
ചുമരിനു മുഖം തിരിച്ച് ക്ലാസ്സില്‍ ശിക്ഷിക്കപ്പെടും.
അവര്‍ വളരുമ്പോള്‍
കിടപ്പുമുറിയില്‍ സുന്ദരികളാകുമെങ്കിലും
ഇടയ്ക്കിടയ്ക്ക് ഭൂതകാലം അവരെ വേട്ടയാടും.
അപ്പോള്‍ അവര്‍ക്കും കിട്ടും :
എനിക്ക് എല്ലാ രാത്രിയും കിട്ടുന്ന പോലെ
ചന്തിയില്‍ ചുട്ടരണ്ടുമ്മ!

Tuesday, 14 July 2009

കപ്പല്‍യാത്രകള്‍

പ്രളയം ...
മിന്നല്‍പിണരുകള്‍ ..
നക്ഷത്രങ്ങളുടെ സാമ്രാജ്യങ്ങള്‍
തീര്‍ത്ത അഗ്നിമേഘതൂണുകള്‍ ...
എന്റെ ,
എന്റെ മാത്രം
ആടിയുലഞ്ഞുള്ള ഉറക്കം


കണ്ണുതുറന്നു
ഞരങ്ങുകയോ മൂളുകയോ ചെയ്യാതെ ഞാന്‍ ഉറങ്ങി .
എന്റെ വിഹ്വലതകളില്‍ ഒന്നു പോലുമില്ലാത്ത
തുപ്പലൊലിപ്പിക്കാത്ത
കാപ്പി മണക്കാത്ത ഒരു ഉറക്കം .
പുറത്ത് രാത്രിയില്‍
വെയില്‍ വന്നു .
മഴയല്ല , മഴയല്ല , രാത്രികളില്‍ പെയ്യാറു എന്ന്
എന്നെ വിശ്വസിപ്പിച്ചൂ .
അകത്ത്‌ തേന്കുപ്പികള്‍്ക്ക് മീതെ
ഈച്ചകള്‍ വട്ടമിട്ട് പറന്നു.
എന്റെ മെത്തയില്‍
അവര്‍ ഇണ ചേര്‍്ന്നു .
പുറത്ത് കാറ്റും കോളും
കനക്കുന്നതു ഞാനറിഞ്ഞു.
ദിക്കറിയാതെ വിഷമിച്ച ഒരു മുത്തശ്ശിക്കാറ്റ്
മരവാതില്‍ തുറന്നു
എന്റെ അടുക്കല്‍ വന്നിരുന്നു.
വേദനിക്കുന്ന എന്റെ മുലകളില്‍
അമര്‍ ത്തിച്ചുംബിച്ച്ചുകൊന്ടു
അവസാനത്തെ സ്വപ്നവും
അപ്പോള്‍ പടിയിറങ്ങി
ഭയാനകമായ
ചില കാട്ടു പക്ഷികള്‍
എന്റെ നിലാവിന് മീതെ വട്ടമിട്ടു പറന്നു .
കണ്ണുതുറന്നു കണ്ണുതുറന്നു
ഞാന്‍ ഉറങ്ങിയ അവസാനത്തെ ഉറക്കത്തിന്‍്ടെ അറ്റത്ത്
അങ്ങനെ
ചുവപ്പിന്റെ ,
രാത്രിയുടെ ,
വെയിലിന്റെ ,
ഇനിയും വന്നെത്ത്തിയിട്ടില്ലാത്ത്ത ചില നിറങ്ങളുടെ
വന്നു പോയ് കൊണ്ടിരിക്കുന്ന
പേമാരികളുടെ .
എന്റെ തൊണ്ടയില്‍ തങ്ങിനിന്ന
കരച്ചില്ന്‍്ടെ ,
ഒരു രതിമൂര്‍ച്ച മാത്രമായിരുന്നു .
രാത്രി ഒരു കപ്പലോട്ടമായിരുന്നു
ഞാന്‍ കടല്‍ക്കൊള്ളക്കാരന്‍ കപ്പിത്താന്റെ
മകളായിരുന്നു
ഞാന്‍ ഒരു കന്യകയായിരുന്നു.
ഉറക്കമുണര്‍ന്നപ്പോള്‍
എന്റെ മെത്തയില്‍ വീണ്ടും....


ഒരു വടക്കുനോക്കിയന്ത്രം!

Saturday, 9 May 2009

ഞങ്ങടെ കാബിന്‍

ഞങ്ങടെ കാബിന്‍
ക്ലാസ്സ് മുറിയുടെ ഒരു കോണിലാണ്
ഞങ്ങള്‍ അവടെ ഒരു പൂച്ചക്കുഞ്ഞിനെ
ഒളിപ്പിചിരിക്ക്യയാണ്
ക്ലാസ്സ് മുറിയിലെ മറ്റു കുട്ടികള്‍
ജീവന്‍ വാര്‍ന്നു പോയ
ശരീരങ്ങളായിരിക്കുമ്പോള്‍്
ഞാനങ്ങള്‍ പൂച്ചക്കുഞ്ഞിനെപ്പറ്റി സംസാരിക്കാറുണ്ട്.
ഞങ്ങള്‍ ഇടയ്ക്കിടെ കണ്ണിറുക്കുന്നതും
കടലാസുകഷണങ്ങള്‍ കൈമാറുന്നതും
ചിരിക്കുന്നതും കാരണം
ഞങ്ങടെ ബെന്ച്ചുകള്‍
സദാ അനങ്ങാറുണ്ടു
അത് ഞങ്ങടെ ടീചര്മാരെ ചൊടിപ്പിക്കാറുണ്ട്
ഞങ്ങടെ കാബിനില്‍ പൂച്ചക്കുഞ്ഞിനെ കൂടാതെ
കുറച്ചു യന്ത്രങ്ങളുമുണ്ട്.
ഞങ്ങടെ പൂച്ചക്കുഞ്ഞു ഒരു പുലിയായി
പുറത്തുവരുമെന്നും
ജീവനില്ലാതവര്‍ക്ക് നേരെ അലറി
അവരെ തുരത്തുമെന്നും
ഞങ്ങള്ക്കറിയാമല്ലൊ.
അങ്ങനെ ഇച്ചിരിപ്പിടിയോളം പോന്ന ഒരു ക്ലാസ്സില്‍
ഇച്ചിരിപ്പിടിയോളം പോന്ന
ഞങ്ങടെ കാബിന്‍
ഒരിമ്മിണി വല്ല്യ രഹസ്യം കാക്കുകയാണ്
ഞങ്ങള്‍ കാത്തിരിക്കയാണ്

Tuesday, 28 April 2009

ഇരുട്ട്

ഞാൻ മുറിയിൽ കയറിയപ്പോൾ
ഇരുട്ട്‌ ഒരു മൂലയിൽ കസേരയിട്ട്‌ ഇരിക്കുകയായിരുന്നു.
പേടിച്ച്‌ പേടിച്ച്‌
ഞാൻ ശബ്ദമുണ്ടാക്കാതെ കിടയ്ക്കരികിലേയ്ക്ക്‌ നീങ്ങി.
പക്ഷെ,
ആണിയിൽ കുടുങ്ങി പാവാട കീറിയ ശബ്ദം കേട്ട്‌
അത്‌ എന്റെ നേർക്ക്‌ തിരിഞ്ഞു.
വിയർത്തൊഴുകി പകച്ചു നിന്ന എന്നെ
അത്‌ തലോടി.
മുടികൾക്കിടയിലൂടെ
മിനുസമുള്ള വിരലുകൾ ഒഴുകിയപ്പോൾ
ഞാൻ ആദ്യമായി ആ മുഖം കണ്ടു.
ഇരുട്ട്‌ എനിക്ക്‌ പാവാട ചുറ്റി.
അത്‌ എനിക്ക്‌ രഹസ്യത്തിൽ സമ്മാനങ്ങൾ തന്നു.
ഒടുവിൽ
ഇരുട്ടിനെ ഞങ്ങൾ ഭയക്കുന്നു
എന്നു ഞാൻ പറഞ്ഞപ്പോൾ
ഇരുട്ട്‌ കണ്ണീര്‍ പൊഴിച്ചു.
പെട്ടെന്നുള്ള പ്രകാശത്തിൽ കാഴ്ച്ച മങ്ങി