Sunday, 1 April 2012

ബില്‍ബോര്‍ഡ്

സി എച്ച് ഫ്ലൈ ഓവറിന്റെ മുകളിലൂടെ
പോകുന്നവരെല്ലാവരും
താഴെ പാരഗണില്‍ നിന്നുള്ള മണങ്ങള്‍
ആഞ്ഞു ശ്വസിച്ച്
ചിലപ്പോള്‍ ദീര്‍ഘനിശ്വസിച്ച്.
കിഴക്കും പടിഞ്ഞാട്ടുമായി രണ്ട് ലോകങ്ങളാണ്.
ഒന്നില്‍ പഴമുറക്കാരുടെ നളന്ദയും
റഹ്മത്തും
കുറെ വര്‍ക്ക്ഷാപ്പുകളും മറ്റും.
മറ്റേതില്‍
പുത്തന്‍ കഞ്ചാവും
പുതിയ കാപ്പികുടി സ്ഥലങ്ങളും.

എന്നാലും ആകാശത്തുള്ളതാരുടെയാണെന്ന് മനസ്സിലാവുന്നില്ല.
അവളങ്ങനെ കെടപ്പാണ്.
വെളുത്ത ബാത്റ്റബ്ബില്‍
പതഞ്ഞു പതഞ്ഞങ്ങനെ.
നെഗളിപ്പാണവള്‍ക്ക്.
നേരാംവണ്ണം കുപ്പായമില്ല.
മുല പകുതിയും പുറത്ത്.
ഒരു പതക്കഷ്ണമാണത് മറയ്ക്കുന്നത്.
നിന്റെ നഗ്നത കാണാന്‍
നിശ്ചയദാര്‍ഢ്യത്തോടെ
ചെറുവള്ളികള്‍
മേലാസകലം പടര്‍ന്നുകയറുന്നത്
നീയറിയുന്നുണ്ടോ?
എന്ത് പരസ്യമാണിത്?
ഹ നിന്റെ നോട്ടമെന്തിങ്ങനെ?

ഒളിഞ്ഞും തെളിഞ്ഞും കാണുന്ന നിന്റെ വെളുത്ത,
തരിപോലും രോമമില്ലാത്ത കാലുകള്‍
ഇടയ്ക്കെപ്പോഴെങ്കിലും ഒന്നനക്കണ്ടേ.
തരിപ്പു മാറ്റേണ്ടേ.
ഇടതും വലതും നോക്കാന്‍ തോന്നുന്നില്ലേ?
കണ്ണുകള്‍ ചിമ്മാനെങ്കിലും?
എല്ലാ ദിവസവും തീവണ്ടി കൂവുന്നതിത്രയടുത്ത് കേള്‍ക്കുമ്പോള്‍
നിനക്കത് കാണേണ്ടേ.
അല്ല തീവണ്ടിയെന്താണെന്നാണ്?
അതേയ്...

മഴയും വെയിലും കഴിഞ്ഞ്
മങ്ങലെത്രയേറ്റാലും
വള്ളികളെത്ര പടര്‍ന്നാലും
നീയനങ്ങില്ലേ.

പെണ്ണേ നീയൊന്ന് നിലത്തിറങ്ങ്
പാരഗണില്‍ കേറ്.
ഗോതമ്പു പൊറോട്ട,
മീന്‍ മുളകിട്ടത്.
കോണ്‍വെന്റ് റോഡില്‍ കഞ്ചാവ്.
നളന്ദയില്‍ കൂടെക്കിടപ്പ്.
കടപ്പുറത്ത് പട്ടം പറത്തല്‍
അപ്പുറത്തിപ്പുറത്ത്
ബിരിയാണി.
നീയെന്താണാകാശത്തിങ്ങനെ.
ഛെ!





3 comments:

  1. എന്റെ ഒരു സുഹൃത്ത് എന്നും ചോദിക്കും ഇവള്‍ക്കെന്താ ഇത്രമാത്രം കുളിക്കാന്‍. ഈ പെണ്ണ് ഇതുവരെ കുളിച്ചെണീറ്റ് പോയില്ലേ എന്നൊക്കെ.
    'പിന്നെ രണ്ടു ലോകങ്ങള്‍' അത് നന്നായിട്ടുണ്ട് കുഞ്ഞില. ഞാന്‍ എന്നും സഞ്ചരിക്കുന്ന വഴിയാണത്, സി എച്ച് ഓവര്‍ബ്രിഡ്ജ്. അതിലൂടെ പോകുമ്പോള്‍ മൂക്ക് പിടിച്ചെടുക്കുന്ന പാരഗണ്‍ മണം കൊണ്ട് എത്രയെത്ര അത്താഴം ഞാന്‍ സുഭിക്ഷമായി ഉണ്ടിരിക്ക്ണ്. നന്നായിട്ടുണ്ട്

    ReplyDelete
  2. മഴയും വെയിലും കഴിഞ്ഞ്
    മങ്ങലെത്രയേറ്റാലും
    വള്ളികളെത്ര പടര്‍ന്നാലും
    നീയനങ്ങില്ലേ.???

    ReplyDelete