നന്മ നിറഞ്ഞ മറിയമേ, സ്വസ്ഥി.
കർത്താവങ്ങയോട് കൂടെ.
അമ്മേ, വേവുന്ന ചോറിന്റെ മണമാണ്
എനിക്ക് നിങ്ങൾ.
എന്റെ മുലകൾ
നിങ്ങൾ തേച്ച് കുളിപ്പിക്കാറുണ്ടായിരുന്ന
രണ്ട് തവിട്ട് പൊട്ടുകൾ മാത്രമാണ്.
നിങ്ങളുടെ വയറിന്മേലാണ്
എന്റെ ആദ്യ പനിസ്വപ്നങ്ങൾ ഞാൻ കണ്ടത്.
എന്റെ ചിത്രങ്ങൾക്കെല്ലാം നിങ്ങളുടെ സാരിയുടെ നിറങ്ങളാണ്.
വിളറി വെളുത്ത രാത്രികളിലാണ്
ഇപ്പോൾ ഞാൻ നിങ്ങളെ ഓർക്കുന്നത്.
അപ്പോളാണ്
നിങ്ങളുടെ പ്രാർത്ഥനാഗാനങ്ങൾ
ഞാൻ ഓർത്ത് പോകുക.
മനസ്സു മടുത്ത രണ്ട് ശരീരങ്ങൾ മാത്രമായിരുന്നു
നമ്മൾ എന്ന്
വേദനയോടെ മനസ്സിലാക്കുക.
അന്ന് ഞാൻ
ആദ്യമായി കുമ്പസാരക്കൂട്ടിൽ നിൽക്കും.
അവിടെ വെച്ച്
പ്രപഞ്ചം എനിക്കു വെളിവാകും.
ഞാൻ മന്ത്രിക്കും:
എന്റെ അമ്മേ,
പരിശുദ്ധേ,
ഇപ്പോഴും,
എന്റെ മരണസമയത്തും,
തമ്പുരാനോടപേക്ഷിക്കേണമേ.
No comments:
Post a Comment