Thursday, 16 September 2010

ജ്വരം

ഇരുട്ട് മാത്രം നിറഞ്ഞ
ഇടുങ്ങിയ ഊടുവഴികളിൽ
ചിലപ്പോള്‍ ഒരു പ്രണയത്തിന്റെ ആലസ്യത്തിലും
ചിലപ്പോള്‍ ഒരു മുറിഞ്ഞ  ഹൃദയത്തിന്റെ
നീറ്റലിലും
ചിലപ്പോള്‍ പാതിയുറക്കത്തിന്റെ
പതിവ് സ്വപ്നങ്ങളിലും
നടക്കുമ്പോള്‍
മറ്റൊരൊച്ചയനക്കം
എനിക്ക് പുറകില്‍ കേട്ടാല്‍
ഞാന്‍ ഭീതിയിലമരുന്ന ആ നിമിഷമാണ്
എന്റെ മരണം.
ശബ്ദം അടുത്ത വന്ന്
എന്നെയും കഴിഞ്ഞ്
മുന്നോട്ട് നടന്ന് നീങ്ങുന്നതും വരെയുള്ള
യുഗത്തില്‍ മാത്രമാണ്‌
എന്റെ ശ്വാസത്തെ ഞാന്‍ ശാസിക്കുന്നതും
ഇടതെളിഞ്ഞുള്ള നിലാവില്‍
ഇടയ്ക്ക് മാത്രം തെളിയുന്ന എന്റെ നിഴല്‍ മുലകളെ
ഞാന്‍ അടക്കിപ്പിടിക്കുന്നതും.
ആ നടത്തത്തിനു ശേഷമാണ്
അപസ്മാര രാത്രികള്‍ എനിക്കുണ്ടാകുന്നതും
എന്റെ ജീവിതമപ്പാടും,
പ്രണയവും പേടിയും
കവിതയും കരച്ചിലും
ഒടുവില്‍ എന്റെ ആദ്യ ആര്‍ത്തവ രക്തവും
നുരഞ്ഞുപൊങ്ങിപ്പതഞ്ഞ്,
പതിയെ,
ചുംബിതചുണ്ടുകളിൽ
പറ്റിപ്പിടിക്കുന്നതും.

No comments:

Post a Comment