വെയിലാറുന്നതും കാത്ത്
പകുതിമയക്കത്തിലാണ്
പുറത്ത് ചെടികള്.
നഗരശബ്ദങ്ങള്‍
ദൂരത്തെവിടെയോ ആണല്ലോയെന്ന-
യാശ്വാസം മാത്രമാണ്
മുറിയില്‍ നിനക്ക് കൂട്ട്.
അലസനൊരു പൂച്ച
മറന്നുവെച്ചുപോയ കോട്ടുവായ കണക്ക്
വാടിത്തളര്ന്ന്
ജനല്ത്തിണ്ണമേല്
നീ നട്ടൊരു ചെടി.
പണ്ടൊരുകാലത്ത്
ദിവസങ്ങള്‍ പോകുന്നതറിയാതെ-
യൊരു മുറിയി-
ലൊരു കിടക്കമേല്‍ മാത്രമായിരിക്കാന്‍
കൊതിച്ചതാണോ
കടിച്ച നഖം
ചുമരില്‍ പറ്റിച്ചുവെച്ചുകൊണ്ട്
നീയോര്‍ക്കുന്നത്.
അടുത്ത മുറിയില്‍നിന്നും
പ്രെഷല്‍ കുക്കറിന്റെ കൂക്കുവിളി
ഒരു കാലന്‍ കോഴി കണക്ക്
ജിജ്ഞാസയുണര്ത്തുന്നുവല്ലേ.
സത്യത്തിലെന്താണ് കാലന്‍ കോഴി.
ഇതൊക്കെയുമാലോചിക്കുന്നതുകൊണ്ടാണോ
ഇക്കണ്ടയില്ലായ്മകള്‍ കൊണ്ടാണോ
നിന്റെ മുറിയില്‍ സമയമില്ലാത്തതും
നീ കിടന്നകിടപ്പില്നിന്നനങ്ങാത്തതും.
ശരിക്കും ഇതെല്ലാമൊരു ചിത്രമല്ലേ.
ചായമുണങ്ങാന്‍ വെച്ചുപോയൊന്ന്.
വെയിലാറുന്നതിനും മുമ്പുള്ള നിമിഷങ്ങളിലാണ്
മനുഷ്യര്‍ മരിച്ചുകൊണ്ടിരിക്കുന്നതെന്ന് തോന്നുന്നു.
No comments:
Post a Comment