Tuesday, 13 November 2012

At the Dentist's

At the dentist's
you are suddenly ashamed of yourself.

You don't possess the dexterity of the numerous equipment.
You haven't got a clue what they do to your teeth.
You desperately try to guess from their movements inside your mouth
What does what.

Your body is not as flexible as the chair you are sitting on.
Oh the chair.
It's not a chair.
It's an orgasmic arch.
And you get fucked in the mouth.
When you smell the gloves close
to your nose,
on the hand that's one half inside, one half out,
you feel cheated.
But you are happy they use rubber.


At the dentist's
your mouth is a traitor.
And you are stupid.

Saturday, 27 October 2012

ആസ്റ്ററിസ്ക്*

കൊറെകാലമായുള്ള ആഗ്രഹമാണ്
ആസ്റ്ററിസ്കു*ള്ളൊരു കവിത.
കവിത കഴിഞ്ഞാലും
കഴിയാത്ത അടിക്കുറിപ്പുകള്‍.
എന്തൊരു സാധ്യതയാണത്.
ആളുകളെ കളിപ്പിക്കുക അങ്ങനെ.
തീര്‍ന്നല്ലോയെന്നാശ്വസിക്കുമ്പോള്‍
തീര്‍ന്നില്ലെന്ന് കൊഞ്ഞനം കുത്തി
ആറോ നാലോ കാലും നീര്‍ത്തി-
യിങ്ങനെ നിക്കും
നക്ഷത്രമെന്ന് ഭാവിച്ച്,
സൂക്ഷിച്ച് നോക്കിയാല്‍
മിന്നുമെന്ന് തോന്നിച്ച്.
ഏത് പ്രവാചകന്റെ ഏത്
ജനനത്തിന് വഴികാട്ടാനെന്ന്** പറഞ്ഞോ
മരുഭൂമികളില്‍ കൊറെ കൊണ്ടുപോയ് ചുറ്റിച്ചവസാനം
അടുത്തു ചെന്നാ
ലാറുനാലുകാലോ-
ണ്ടാവുംവിധം ഒരു നീരാളിപ്പിടുത്തോം.
ദാ കെടക്കുന്നു
കവിതേം
കോപ്പും
കോപ്രാട്ടീമൊക്കെക്കൂടെ-
യൊരാസ്റ്ററിസ്കീയോസിസില്‍
താഴെ.

*  ഗ്രീക്കില്‍ കുഞ്ഞുനക്ഷത്രം എന്നര്‍ഥമുള്ളതുകൊണ്ട് ആ പേര് വന്നു. തെറി തെറിയല്ലെന്ന് തോന്നിപ്പിക്കാനും അടിക്കുറിപ്പുകള്‍ ചേര്‍ക്കാനും, കണക്കിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവരുന്നു.
** യേശുക്രിസ്തു ഉണ്ടായപ്പൊ ആട്ടിടയര്‍ക്ക് വഴികാണിച്ചതോ തെറ്റിച്ചതോ ഒക്കെ ഒരു നക്ഷത്രാണ് പോലും. 



Sunday, 21 October 2012

ഞാന്‍ മലാലയല്ല

ഹൊ!
ഞാന്‍ മലാലയല്ല.
വെടിയുണ്ടയെന്നാല്‍ എന്താണെന്നെനിക്കറിയില്ല.
മരണം മുന്നില്‍ക്കാണുക എന്നത്
എനിക്കൊരു പ്രയോഗം മാത്രം.
എഴുത്തെന്താണെന്ന്
ഞാനിനിയും പഠിക്കേണ്ടിയിരിക്കുന്നു.
ഹൊ ദൈവമേ ഞാന്‍ മലാലയല്ല.
ആയിരുന്നെങ്കില്‍
എനിക്ക് ജീവിക്കാനാവുമായിരുന്നില്ല.
വലിയ ലക്ഷ്യത്തിനുവേണ്ടിയോ
അക്രമം പ്രതീക്ഷിച്ചോ
ഒന്നും ജീവിച്ചുപരിചയമില്ലാത്ത ഞാന്‍
മലാലയെങ്കില്‍
ഒരു ചാപിള്ളയായി ജനിച്ചുവീഴുമായിരുന്നു.
പ്രിയ
മലാല യൂസഫ്‌സായ്,
നീയെന്താണ് കുട്ടീ?




Friday, 19 October 2012

സ്വയംഭോഗമെന്നാല്‍.

വശത്തൂടെയല്ലാതെ,
കഴുത്താകെ നീട്ടി,
പിന്നെയും നീട്ടി,
അസാധ്യമാംവിധം വളച്ച്,
ഒരു കാമുകനെപ്പോലെ
മുലകള്‍ക്കരികിലൂടെയുരുമ്മി
എന്റെ കക്ഷം മണപ്പിച്ച്
കുഞ്ഞുരോമങ്ങളുടെ ആ കുഴിയില്‍
മുഖം പൂഴ്ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍!
സ്വയംഭോഗമെന്നാല്‍ അതായിരുന്നെങ്കില്‍!


Wednesday, 17 October 2012

പപ്പായിച്ചി

കണ്ടില്ലേ
അയലത്തെ വീട്ടിലെ പപ്പായമരം
ഒരു വയസ്സിത്തള്ളയാണ്.
മേലാകെ ചെതുമ്പലിച്ച്
തൂങ്ങിയാടുന്ന മുലകള്‍ കാണിച്ച്
കാലമേറെക്കണ്ടതിന്റെ ഹുങ്കില്‍
ക്ലാവ് പിടിച്ച പച്ചച്ച മുടി
വെറുതെ കാറ്റത്താട്ടി
മെല്ലിച്ച
തൊട്ടാല്‍പ്പൊട്ടുന്ന നീണ്ട വിരലുകള്‍കൊണ്ട്
പഴങ്കഥകള്‍ പറഞ്ഞ്
പല്ലില്ലാച്ചിരി ചിരിക്കുകയാണ് തള്ള.
പച്ചച്ചി
പപ്പിച്ചി
പപ്പായിച്ചി. 


Sunday, 9 September 2012

കുഞ്ഞിക്കാറ്റില്‍ കല്ലിച്ചത്.

മഴ നനഞ്ഞൊട്ടി
വിറച്ച് വരുമ്പോള്‍
തുറിച്ച് നോക്കിയാലപ്പക്കിട്ടും
കാറ്റില്‍ കല്ലിച്ച
കുഞ്ഞിയമ്മിഞ്ഞയുമ്മകള്‍.

Friday, 7 September 2012

വഴികള്‍ വഴക്കാളികള്‍

വഴികളോരോന്നും
വിലാപയാത്രയായി
മഞ്ചലുകളായി
മലഞ്ചെരിവുകളിലൂടെ
സ്വയമേ പോകുന്നതാണത്.
സൂര്യനൊളിക്കുന്ന
താഴ്വാരങ്ങളും തേടി
കലന്ററുകളിലെ
ചിത്രങ്ങളും തേടി
പതിയെ പടികയറുന്നതാണ്,
ഇനിയില്ലയെന്നു പറഞ്ഞ്
വഴി തെറ്റി വഴി തെറ്റി.
വഴക്കാളി വഴക്കാളി.


ചിന്ത: അഗസ്റ്റിന്‍ സെബാസ്റ്റ്യന്‍.

Tuesday, 4 September 2012

വെയിലില്‍ വാഴുക വളരുക നീ

                                                ചിത്രം കടപ്പാട്, ഒറ്റമഴ


പ്രളയമാണ് പുറത്തെന്നും, ഒരു
കുടുസ്സുമുറിയില്‍, ചായക്കടയില്‍
കുടുങ്ങിപ്പോയ പലര്‍ നമ്മളെന്നും
പൊയ് പറഞ്ഞാടാന്‍
ഒരു പ്രളയം പുറത്ത്.
പ്ലാസ്റ്റിക്കുസഞ്ചികള്‍,
മേശകള്‍,
ചില്ലുകൂട്ടിലെ ചിത്രങ്ങളില്‍
കല്യാണം, വിവാഹവാര്‍ഷികം, മരണമെ-
ന്നൊഴുകുന്ന തവിട്ടുവെള്ളത്തില്‍,
നമ്മുടെ ചായ, കഥകള്‍, കഥപറച്ചിലുകള്‍. ‌
മഴക്കുപ്പായങ്ങളുടെ തിളക്കത്തില്‍,
പരല്‍മീനുകളെപ്പോലെയിളകുന്നത്
ഇന്നലെകളിലെ വെയിലെന്നും
പുതിയ പ്രഭാതങ്ങളുടെ കുഞ്ഞുകാഴ്ചകളെന്നും ചിലര്‍.
നമുക്കോ കവിതകളില്ല,
നമ്മുടെ ക്‌ടാങ്ങള്‍ക്ക്
കളിപ്പാട്ടങ്ങളില്ല.
അതിവേഗമില്ലാതാകുന്ന വെളിച്ചത്തില്‍
നാമെത്ര നമുക്കെത്രയെന്നറിവതില്ല.
എത്ര രാത്രികള്‍ നമ്മളിവിടെയിങ്ങനെ,
എത്ര കാഴ്ചകള്‍ നമുക്കു ചുറ്റുമങ്ങനെ.
പഴയൊരുടമ്പടിക്കണക്കിലോ,
കുട്ടികള്‍ കളിവഞ്ചികളുണ്ടാക്കി
പേടകങ്ങളെന്ന് പറഞ്ഞ്
നനഞ്ഞ് ചീര്‍ത്ത് പൊങ്ങിമുങ്ങാന്‍ വിടുന്നു.
അവയ്ക്കുള്ളില്‍ ജീവനെത്ര-
യെത്ര ഇണകള്‍, മൃഗങ്ങള്‍,
വംശനാശങ്ങള്‍? 
വശത്തൊരിടത്ത്
നാണിച്ച് മെല്ലെ,
തെറിപ്പിക്കാതെ മൂത്രമൊഴിക്കാന്‍
പാടുപെടുന്ന കുട്ടീ,
നീയിപ്പ്രളയവും കഴിഞ്ഞ്
പുറത്തിറങ്ങും
നീയിനി മരിക്കാതെ,
നീ മാത്രമറിയാതെ
പിന്നെയും പിന്നെയും
പൂത്തുലയും.
പഴയ പ്രളയത്തെ മറന്നു വീണ്ടും
പുതിയ കുപ്പായങ്ങള്‍ തുന്നുക നീ,
വെക്കമുറങ്ങിയുണരുണുക,
വെയിലില്‍ വാഴുക, വളരുക നീ.
 

Thursday, 16 August 2012

ചായമടി

എന്തൊരു രസമാണിത്!
മഴയാണെങ്കിലും
ചുമരുകളില്‍ ഈര്‍പ്പമുണ്ടാകാമെങ്കിലും വെറുതേയിങ്ങനെ ചായമടിക്കാന്‍.
ഇമല്‍ഷനെന്നോ ഇനാമലെന്നോ ഇല്ലാതെ
കൈമെയ് മറന്ന്
ഈ വെറും മണങ്ങളില്‍
മുഴുകി
ആകെയലങ്കോലപ്പെടുത്തി
എന്നാലൊട്ടും ഭീകരമല്ലാത്ത
ഒരു ഭീകരതയിലേയ്ക്ക്
പതിയെ
വഴുതിവീഴാന്‍.
മരിച്ചവരുടെപോലും
വിരല്‍പാടുകള്‍
ചായങ്ങളുടെ അഹങ്കാരത്തില്‍ മുക്കി
മായ്ച്ചു മായ്ച്ചു കളയുമ്പോള്‍
ശരീരത്തില്‍ പടരുന്ന
പേരറിയാത്ത പേടികളെ
പിന്നെയും കളിയാക്കിക്കുഴിച്ചുമൂടാന്‍.

മേലാസകലം പൊട്ടും പൊടിയുമായി
ചുമരുകളോട് തോറ്റ്
ശബ്ദമുണ്ടാക്കാതെ
നടന്നകലുന്ന എന്നെ
നിങ്ങള്‍ പെട്ടെന്ന് തിരിച്ചറിയും.
വര്‍ഷങ്ങള്‍ക്കുശേഷം
ചായത്തില്‍ മുങ്ങിയ എന്റെ കാല്‍പാടുകള്‍
നടന്നടുത്ത
അടുക്കളയില്‍ നിന്ന്
സ്വര്‍ണം മാറ്റി പച്ചയോ
നീലയോ പൂശിയ
വൈവിധ്യമാര്‍ന്ന പല
ആഭരണങ്ങളും കണ്ടെടുക്കും.
അവിടെനിന്നും പിന്നെ ഞാന്‍
നടന്നകന്ന വഴികളറിയാതെ
വിഷമിച്ച്
ഞാന്‍ ചായമടിച്ച ചുമരുകളില്‍ത്തന്നെ
ആണികളടിച്ച്
എന്റെ ബാല്യകാല ചിത്രങ്ങള്‍ തൂക്കും.
ഛെ!
എന്തൊരന്ത്യമാകുമായിരിക്കും അത്!







Thursday, 9 August 2012

ശാഖാചംക്രമണം

എമ്പാടും ചില്ലകളുള്ള
ഒരു നല്ല മരത്തിന്റെ
ഏറ്റവും ഉയര്‍ന്ന കൊമ്പില്‍ ചെന്ന്
ഒരു ചില്ലയില്‍ നിന്ന് മറ്റൊന്നിലേയ്ക്ക്
അതില്‍ നിന്ന് വേറൊന്നിലേയ്ക്ക്
അവിടെനിന്നും പിന്നെ-
യെന്നാണെന്റെ പോക്ക്.
ഓരോ ചില്ലയിന്മേലും തങ്ങുന്ന
ആ അല്പനേരത്തില്‍
കാല്‍വെള്ളയിലിക്കിളിയാക്കുന്ന
ഇലകളോ മരമോ
അറിയുന്നുണ്ടോ
എന്റെ ചങ്കിടിപ്പും
താഴേയ്ക്ക് നോക്കിയാല്‍
കാണുന്ന
പേടികളും.
ഇടവിട്ടിടവിട്ട്
വിടരുന്ന പാവടയ്ക്ക്
കീഴെ നിന്ന്
മേലോട്ട് നോക്കി
കള്ളച്ചിരി ചിരിക്കുന്ന
ചില്ലകള്‍ക്കറിയുമോ
എന്റെ കിതപ്പിന്റെ താളം.
ചോര പൊടിയുന്ന കാലുകളില്‍
നിന്നും
കാഴ്ച മറച്ചുകൊണ്ടുള്ള വിയര്‍പ്പില്‍
നിന്നും
ഭീകരമാമൊരലര്‍ച്ചയായി
പടിയിറങ്ങുന്നത്
ആയിരം വിത്തുകളാണ്.
വര്‍ഷങ്ങളുടെ വെയിലാണ്
മരങ്ങളുടെ പാട്ടുകളാണ്.


Tuesday, 31 July 2012

വൈദ്യുതി നിയന്ത്രണം

വൈദ്യുതി നിയന്ത്രിക്കപ്പെടുമ്പോളെപ്പോഴും
പണ്ടത്തെ വെളിച്ചമില്ലായ്മക്കളികളോര്‍മവരും.
വിക്സ് ഡബ്ബയുടെയോ
ഒഴിഞ്ഞ ഫെപ്പാനില്‍കുപ്പികളുടെയോ മുകളിലൊട്ടിച്ച
മെഴുകുതിരിക്ക്
ചുറ്റുമിരുന്ന്
ഞങ്ങള്‍ കുട്ടികള്‍
വളപ്പൊട്ട് കളിക്കുന്നത്.
ആ കളിയേ മറന്നിരിക്കുന്നു.
വെളിച്ചം പോയാലുടന്‍ ഞങ്ങളുടെയിടയില്‍
പരക്കുന്ന
പേടിയും പരിഭ്രാന്തിയും.
വലിയവരാരെങ്കിലും
മെഴുകുതിരിയുമായെത്തുവോളം
അനങ്ങതെ വിറങ്ങലിച്ചിരുന്ന
ഞങ്ങള്‍ പല മുറികളില്‍ നിന്നുമായി പറയാതെ പലതും പറയുമായിരുന്നു.
നിഴലുകളാല്‍ പേടിച്ച്
ഒച്ചയനക്കങ്ങളാല്‍
കണ്ണടച്ച് പ്രാര്‍ഥിച്ച്
ഒടുവില്‍ വളപ്പൊട്ടുകളില്‍
അഭയം പ്രാപിച്ച ഞങ്ങള്‍
പിന്നെയെല്ലാം മറന്നിരുന്നു.
ഇപ്പോള്‍
പ്രണയമെന്നോ സൌഹൃദമെന്നോ ഇല്ലാത്ത
ചില രാത്രികളില്‍ ചിലര്‍
ഒരുമിച്ചൊരു സ്വീകരണമുറിയില്‍.
അല്‍ഭുതമെന്നോണം
അവര്‍ക്കിഷ്ടം ഒരേ പാട്ടുകള്‍.
അവരുടെ തമാശകളൊന്ന്.
എത്ര തിരഞ്ഞാലും
അവരുടെ മെഴുകുതിരികള്‍
കണ്ടുപിടിക്കുക സാധ്യമല്ല.
പഴയ പല വെളിച്ചമില്ലായ്മക്കളികളും ഓര്‍ത്തെടുക്കാന്‍
പാടുപെട്ട്
പിന്നെ മിനക്കെടാതെ
വേഗം
സന്തോഷത്തോടെ
കൊതുകുകടിവിശേഷങ്ങളിലേയ്ക്കും
വീട്ടുവാടകവര്‍ത്താനങ്ങളിലേയ്ക്കും പോകുന്നവര്‍.
വൈദ്യുതി നിയന്ത്രണം
ചില രാത്രികളിലെ ചില മനുഷ്യരാണ്.









Friday, 4 May 2012

ബാല്‍ക്കണിയില്‍ ഫോണില്‍ സംസാരിക്കുന്ന യുവാവും നിലാവും രാത്രിജീവിതവും മറ്റും.

ഒരു ലോഡ്ജാണത്.
കള്ളുകുടി സംഘങ്ങള്‍ സ്ഥിരമായി ഒത്തുചേരാറുള്ള
മുറുക്കിത്തുപ്പിയ പാടുകളുണ്ടെന്നെനിക്കറിയാവുന്ന
മുറികളുള്ള
തീരെ വിലകുറഞ്ഞ.
താഴെ റോട്ടില്‍
വളരെ നിശ്ശബ്ദമായി കിടക്കുന്ന ഒരു പലചരക്കുവണ്ടി,
കുറച്ചു കടകള്‍.
ഒരു വഴിവിളക്ക്.
ഒട്ടും ഭംഗിയില്ലാത്ത.
എന്നാലും ഏറ്റവും ഇടുങ്ങിയ
ലോഡ്ജിന്റെ ബാല്‍ക്കണിയില്‍
ഫോണില്‍ സംസാരിക്കുന്ന യുവാവ്.
നിറയെ സിഗരറ്റ് കുറ്റികളുള്ളതെന്നെനിക്കറിയാവുന്ന
നിലത്തിരുന്ന്
അലക്ഷ്യമായി
തെരുവിലേയ്ക്കും
നിലാവിലേയ്ക്കുമൊക്കെ നോക്കി.
ഫോണിനങ്ങേത്തലയ്ക്കല്‍
ഒരു പ്രണയം.
താഴെ റോഡിനിരുവശവും
അഴുക്കുചാലുകളും എലികളും മറ്റും.
കുറച്ചകലെ നഗരമധ്യത്തില്‍
പ്രധാന ബസ് സ്റ്റാന്റില്‍ നിന്ന്
മുകളിലേയ്ക്ക് നിലാവിനോട് ചേരാനെന്നവണ്ണം മഞ്ഞവെളിച്ചം.
ഇടയ്ക്കെപ്പോഴോ ലോഡ്ജില്‍ നിന്ന്
ഒരു കുപ്പി പൊട്ടുന്ന ശബ്ദം.
പിന്നീട് ഒച്ചപ്പാട്.
അവിടെ നിന്ന് നോക്കിയാല്‍ ആര്‍ക്കും പ്രഭാതം
വളരെ ദൂരെയാണ്.
ഇവിടെ താഴെ ഈ തിണ്ണയില്‍
മുട്ടിനുമുകളില്‍ നില്‍ക്കുന്ന വരയന്‍ ട്രൌസറിട്ട
ഫോണിന്റെ വെളിച്ചത്തില്‍ പകുതി മാത്രം കാണാവുന്ന
ആരെയോ പ്രണയിക്കുന്ന ആ യുവാവാണ്
ചര്‍ച്ചാവിഷയം.
ആ ബാല്‍ക്കണിയാണ് ഉപന്യാസം.

Sunday, 1 April 2012

ബില്‍ബോര്‍ഡ്

സി എച്ച് ഫ്ലൈ ഓവറിന്റെ മുകളിലൂടെ
പോകുന്നവരെല്ലാവരും
താഴെ പാരഗണില്‍ നിന്നുള്ള മണങ്ങള്‍
ആഞ്ഞു ശ്വസിച്ച്
ചിലപ്പോള്‍ ദീര്‍ഘനിശ്വസിച്ച്.
കിഴക്കും പടിഞ്ഞാട്ടുമായി രണ്ട് ലോകങ്ങളാണ്.
ഒന്നില്‍ പഴമുറക്കാരുടെ നളന്ദയും
റഹ്മത്തും
കുറെ വര്‍ക്ക്ഷാപ്പുകളും മറ്റും.
മറ്റേതില്‍
പുത്തന്‍ കഞ്ചാവും
പുതിയ കാപ്പികുടി സ്ഥലങ്ങളും.

എന്നാലും ആകാശത്തുള്ളതാരുടെയാണെന്ന് മനസ്സിലാവുന്നില്ല.
അവളങ്ങനെ കെടപ്പാണ്.
വെളുത്ത ബാത്റ്റബ്ബില്‍
പതഞ്ഞു പതഞ്ഞങ്ങനെ.
നെഗളിപ്പാണവള്‍ക്ക്.
നേരാംവണ്ണം കുപ്പായമില്ല.
മുല പകുതിയും പുറത്ത്.
ഒരു പതക്കഷ്ണമാണത് മറയ്ക്കുന്നത്.
നിന്റെ നഗ്നത കാണാന്‍
നിശ്ചയദാര്‍ഢ്യത്തോടെ
ചെറുവള്ളികള്‍
മേലാസകലം പടര്‍ന്നുകയറുന്നത്
നീയറിയുന്നുണ്ടോ?
എന്ത് പരസ്യമാണിത്?
ഹ നിന്റെ നോട്ടമെന്തിങ്ങനെ?

ഒളിഞ്ഞും തെളിഞ്ഞും കാണുന്ന നിന്റെ വെളുത്ത,
തരിപോലും രോമമില്ലാത്ത കാലുകള്‍
ഇടയ്ക്കെപ്പോഴെങ്കിലും ഒന്നനക്കണ്ടേ.
തരിപ്പു മാറ്റേണ്ടേ.
ഇടതും വലതും നോക്കാന്‍ തോന്നുന്നില്ലേ?
കണ്ണുകള്‍ ചിമ്മാനെങ്കിലും?
എല്ലാ ദിവസവും തീവണ്ടി കൂവുന്നതിത്രയടുത്ത് കേള്‍ക്കുമ്പോള്‍
നിനക്കത് കാണേണ്ടേ.
അല്ല തീവണ്ടിയെന്താണെന്നാണ്?
അതേയ്...

മഴയും വെയിലും കഴിഞ്ഞ്
മങ്ങലെത്രയേറ്റാലും
വള്ളികളെത്ര പടര്‍ന്നാലും
നീയനങ്ങില്ലേ.

പെണ്ണേ നീയൊന്ന് നിലത്തിറങ്ങ്
പാരഗണില്‍ കേറ്.
ഗോതമ്പു പൊറോട്ട,
മീന്‍ മുളകിട്ടത്.
കോണ്‍വെന്റ് റോഡില്‍ കഞ്ചാവ്.
നളന്ദയില്‍ കൂടെക്കിടപ്പ്.
കടപ്പുറത്ത് പട്ടം പറത്തല്‍
അപ്പുറത്തിപ്പുറത്ത്
ബിരിയാണി.
നീയെന്താണാകാശത്തിങ്ങനെ.
ഛെ!





Tuesday, 27 March 2012

പെര്‍സോണ

പ്രിയപ്പെട്ട സുഹൃത്തേ,
പഴയ പല കാര്യങ്ങളും മറന്നുപോകുന്നു.
നിങ്ങള്‍ പഴയ വീട്ടില്‍ത്തന്നെയാണ് താമസം എന്നല്ലേ പറഞ്ഞത്?
കഴിഞ്ഞ പ്രാവശ്യം അയച്ച ചിത്രങ്ങള്‍ നന്നായിരുന്നു എന്നാണോര്‍മ.
സൂക്ഷിച്ചുവെയ്ക്കാന്‍ തീരുമാനിച്ചു എന്നും.
ഇവിടെ ജനലില്‍ എപ്പോഴും മഴ തന്നെ.
ചിലപ്പോള്‍ ചില പ്രശ്നങ്ങള്‍ മാത്രം.
ചില ഭയങ്ങള്‍.
ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴേയ്ക്കും
ഒരു പരകായ പ്രവേശം നടന്നുകഴിഞ്ഞു
എന്ന് മനസ്സ് പറയും.
അതിനുശേഷം
നോക്കുന്നിടങ്ങളിലെല്ലാം
ദുസ്സൂചനകള്‍ മാത്രം കാണും.
പിന്നെ
അറിയാത്ത
തീരെ പരിചയമില്ലാത്ത കാര്യങ്ങള്‍
ചെയ്യേണ്ടി വരും.
ഓരോ ദിവസവും
രഹസ്യങ്ങള്‍ ചെവിയില്‍ പറന്നെത്തും.
അകാരണമായി ദേഹമാസകലം വേദനിക്കും.
ശരീരത്തില്‍ അജ്ഞാതമായ പലതും നടക്കും.
ഇതുവരെ കേട്ടിട്ടില്ലാത്ത പലതും.
സന്ധ്യയാകുമ്പോള്‍ ഇവിടെ വിളക്കു കത്തിക്കണം.
പക്ഷെ, അപ്പോഴും
പേടി കൂടുകയേ ഉള്ളു.
അരണ്ട വെളിച്ചത്തില്‍
അപരിചിതത്വത്തിന് ആക്കം കൂടും.
ഏറെനാള്‍ കഴിഞ്ഞാല്‍ മാത്രം
മുറിയിലെ രണ്ടാം സാന്നിധ്യത്തെക്കുറിച്ച്
എനിക്ക് ചെറിയ വിവരം ലഭിക്കും.
കള്ളന്‍? കള്ളി?
മെനക്കെട്ട് സത്യം അറിഞ്ഞുവരുമ്പോഴേയ്ക്കും
ഉറങ്ങിപ്പോകും.
പിന്നെ പഴയ പരിചിതത്വം തിരിച്ചുവരും.
എല്ലാം ശരിയാവുമായിരിക്കും. അല്ലേ?
അല്ലെങ്കിലും
നാടകം കഴിഞ്ഞാല്‍ ഗ്രീന്‍ റൂമില്‍
വിയര്‍പ്പുഗന്ധമായിരിക്കുമെന്നും
വസ്ത്രങ്ങള്‍ അന്യോന്യം മാറിയാലും
ആരും ഒന്നും പറയാറില്ലെന്നും
അത്
കുറെ നാള്‍ കഴിഞ്ഞാല്‍
വേഷം വീണ്ടും മാറാമെന്നുള്ളതുകൊണ്ടാണെന്നും
എനിക്കും നിങ്ങള്‍ക്കും
ഒരുപോലെ അറിയാവുന്ന കാര്യങ്ങളാണല്ലോ.
അല്ലേ?‍
                                     സ്നേഹത്തോടെ-

Sunday, 11 March 2012

വായനശാലാസുഖങ്ങള്‍

നരച്ചതെന്ന് തോന്നിപ്പിക്കുന്ന
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏറ്റവും വിലപിടിപ്പുള്ള
വെണ്ണക്കല്ലില്‍
കൊത്തിവച്ച മിനാരങ്ങളിലാണ്
കാതടപ്പിക്കുന്ന ശബ്ദത്തോടെ
പറന്നകലുകയും അടുക്കുകയും ചെയ്യുന്ന
വലിയ കറുത്ത പക്ഷികളുടെ
പാട്ടും സ്വപ്നവും മറ്റും തമ്പടിക്കുന്നത്.

അകമേ നിന്ന് നോക്കിയാല്‍ അവ കാണില്ല.
ഉരുണ്ട് കമഴ്ത്തിവെച്ച് ഒരു മണ്‍കലം പോലെ,
എളുപ്പത്തില്‍ ഗര്‍ഭപാത്രത്തോടുപമിക്കാവുന്ന ഒരു
മണ്‍കലം പോലെ
എളുപ്പത്തില്‍ ഗര്‍ഭപാത്രത്തോടുപമിക്കാവുന്ന.

അവിടെ പ്രേമനാടകങ്ങള്‍ അരങ്ങേറിയിരുന്നൊരിക്കല്‍
എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.

എനിക്ക് പണ്ടേ കോട്ടയം പുഷ്പനാഥിനെ ഇഷ്ടമാണ്.
വായനശാലയില്‍ നിന്ന് ഒരല്പം പോലും നാണിക്കാതെ
പുഷ്പനാഥുകളെ വലിച്ചിട്ടുണ്ട്.
പില്‍ക്കാലത്ത് തുണ്ടാണെന്ന് മനസ്സിലാക്കിയ പലതും
അങ്ങനെയാണ്.
ചില പുസ്തകങ്ങളില്‍
ആ ഭാഗങ്ങള്‍ അടിവരയിട്ട്
വശങ്ങളില്‍ രണ്ടക്ഷരവാക്കുകള്‍
പുത്തന്‍.
അര്‍ത്ഥമറിയില്ല.
ഡ്രാക്കുളക്കോട്ടയിലെ സുന്ദരിമാര്‍ വായിച്ച ഒരാളുമില്ലേ ഇവിടെ?

ഏതായാലും
നരച്ചതെന്ന് തോന്നിപ്പിക്കുന്ന
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏറ്റവും വിലപിടിപ്പുള്ള
വെണ്ണക്കല്ലില്‍
കൊത്തിവച്ച മിനാരങ്ങളിലാണ്
കാതടിപ്പിക്കുന്ന ശബ്ദത്തോടെ
പറന്നകലുകയും അടുക്കുകയും ചെയ്യുന്ന
വലിയ കറുത്ത പക്ഷികളുടെ
പാട്ടും സ്വപ്നവും മറ്റും തമ്പടിക്കുന്നത്.
അവയെപ്പറ്റിയോര്‍ക്കുമ്പോള്‍,
മനസ്സില്‍ കാണുമ്പോള്‍
എനിക്ക് ഡ്രാക്കുളക്കോട്ടയിലെ സുന്ദരിമാരെ ഓര്‍മവരുന്നു.

വെണ്ണക്കല്ലുകളെക്കുറിച്ചോര്‍ക്കുമ്പോള്‍
ഇന്ന് കെ എസ് ആര്‍ ടി സിയില്‍ നിന്നിറങ്ങി
ആയിരമൊന്നിന് വിലപേശിയ സ്ത്രീയെയും
ഇറങ്ങും വരെ
ഇരിപ്പിടത്തില്‍
ഞെളിപിരികൊണ്ടിരുന്ന
അയാളെയും
പിന്നെ പുറകിലിരുന്ന
എന്നെയും.
അങ്ങനെയാണ്.
ചില പുസ്തകങ്ങളില്‍
ആ ഭാഗങ്ങള്‍ അടിവരയിട്ട്
വശങ്ങളില്‍ രണ്ടക്ഷരവാക്കുകള്‍
പുത്തന്‍.
അര്‍ത്ഥമറിയില്ല.
ഡ്രാക്കുളക്കോട്ടയിലെ സുന്ദരിമാര്‍ വായിച്ച ഒരാളുമില്ലേ ഇവിടെ?