Thursday, 16 December 2010

മഞ്ഞുകാലത്തെ നേരമ്പോക്കുകള്‍

അടച്ചിട്ട ജനലുകലും
ഇരുണ്ട നിറങ്ങളുമായിരിക്കും
നമ്മുടെ മഞ്ഞുകാലത്തെ വീടിന്‌.
സിനിമകളിലേത് പോലെ
നമുക്കും ഒരു നെരിപ്പോടുണ്ടാകും.
വൈകുന്നേരങ്ങളിൽകുറെ കുപ്പായങ്ങളിട്ട്
നമ്മൾനീണ്ട യാത്രകൾക്ക് പോകും.
നടകുമ്പോൾ ആരും കാണാതെ നമ്മൾ ചുംബിക്കും.
പിന്നെ കൈകൾ കോർത്ത് നടന്നുകൊണ്ടേയിരിക്കും.
വീട്ടിൽ നമ്മൾ ഒരു നക്ഷത്രം തൂക്കും.
രാത്രിയായാൽ മദ്യപിച്ച് ലക്ക് കെടും.
വിരസമായ പകലുകളിൽ നമ്മൾ ഈറൻ മുറികളിൽ കാമിക്കും.
നീയെന്നിലും ഞാൻ നിന്നിലുമായി
നിറഞ്ഞൊഴുകുന്ന നിമിഷങ്ങളിൽ
നീ പാടും.
മഞ്ഞുകാലങ്ങളിൽ മാത്രം പാടാറുള്ള പാട്ടുകൾ.
മഞ്ഞുകാലം തീരുവോളവും
നമ്മുടെ നെരിപ്പോടെരിഞ്ഞുകൊണ്ടേയിരിക്കും
അതിനു കീഴിലാണ്‌
നമുക്ക് നമ്മൾ മാത്രമേയുള്ളുവെന്നും
ക്രിസ്മസ്സിനു ഇനി അധികം ദിവസങ്ങളില്ല എന്നും
നമുക്ക് വയസ്സേറി വരികയാണെന്നും
സന്തോഷത്തോടെയുള്ള നമ്മുടെ മഞ്ഞുകാലങ്ങൾ
എണ്ണപ്പെട്ടവയാണെന്നും
നമ്മൾ മനസ്സിലാക്കുക.
അവിടെയാണ്‌ നമ്മൾ
ഇനിയൊരിക്കലുമില്ലെന്ന പോലെ ചുംബിക്കുക.
നഗ്നരായി
തണുപ്പേറ്റ് മരിക്കുക.
ജീവിക്കുക.

Tuesday, 16 November 2010

മരണലേഖനം

എന്റെ വീട്ടിലെ
ഇരുണ്ട മുറികളിലെ
അടച്ചിട്ട ജനലുകൾക്കും
വീർപ്പുമുട്ടിക്കുന്ന മെത്തവിരികൾക്കും
അവിടവിടെയായി തിങ്ങി നിൽക്കുന്ന ചില ഓർമകൾക്കും
മുകളിലാണ്‌ വിഷാദം കുടിയിരിക്കുന്നത്
അതാണ് ചില രാത്രികളിൽ സ്വപ്നമായി വന്ന്
എന്നെ ഭയപ്പെടുത്തുന്നതും,
പലപ്പോഴായി എന്നെ പഴിപറഞ്ഞ് കൊല്ലുന്നതും.
അതെ,
അങ്ങനെയിരിക്കുമ്പോൾ
മുറിയിലേയ്ക്ക് കടന്നു വരുന്ന നീല വെളിച്ചങ്ങൾക്കും
നനുത്ത സംഗീതത്തിനും
വരാനിരിക്കുന്ന
പല പ്രണയലേഖനങ്ങൾക്കും ഇടയിലാണ്‌
വിലകുറഞ്ഞ,
ദാരുണമായ എന്റെ മരണം

Saturday, 23 October 2010

കുടുംബപ്രാര്‍ഥനകള്‍

നന്മ നിറഞ്ഞ മറിയമേ, സ്വസ്ഥി.
കർത്താവങ്ങയോട് കൂടെ.

അമ്മേ, വേവുന്ന ചോറിന്റെ മണമാണ്‌
എനിക്ക് നിങ്ങൾ.
എന്റെ മുലകൾ
നിങ്ങൾ തേച്ച് കുളിപ്പിക്കാറുണ്ടായിരുന്ന
രണ്ട് തവിട്ട് പൊട്ടുകൾ മാത്രമാണ്‌.
നിങ്ങളുടെ വയറിന്മേലാണ്‌
എന്റെ ആദ്യ പനിസ്വപ്നങ്ങൾ ഞാൻ കണ്ടത്.
എന്റെ ചിത്രങ്ങൾക്കെല്ലാം നിങ്ങളുടെ സാരിയുടെ നിറങ്ങളാണ്‌.

വിളറി വെളുത്ത രാത്രികളിലാണ്‌
ഇപ്പോൾ ഞാൻ നിങ്ങളെ ഓർക്കുന്നത്.
അപ്പോളാണ്‌
നിങ്ങളുടെ പ്രാർത്ഥനാഗാനങ്ങൾ
ഞാൻ ഓർത്ത് പോകുക.
മനസ്സു മടുത്ത രണ്ട് ശരീരങ്ങൾ മാത്രമായിരുന്നു
നമ്മൾ എന്ന്
വേദനയോടെ മനസ്സിലാക്കുക.
അന്ന് ഞാൻ
ആദ്യമായി കുമ്പസാരക്കൂട്ടിൽ നിൽക്കും.
അവിടെ വെച്ച്
പ്രപഞ്ചം എനിക്കു വെളിവാകും.
ഞാൻ മന്ത്രിക്കും:

എന്റെ അമ്മേ,
പരിശുദ്ധേ,
ഇപ്പോഴും,
എന്റെ മരണസമയത്തും,
തമ്പുരാനോടപേക്ഷിക്കേണമേ.

Thursday, 16 September 2010

ജ്വരം

ഇരുട്ട് മാത്രം നിറഞ്ഞ
ഇടുങ്ങിയ ഊടുവഴികളിൽ
ചിലപ്പോള്‍ ഒരു പ്രണയത്തിന്റെ ആലസ്യത്തിലും
ചിലപ്പോള്‍ ഒരു മുറിഞ്ഞ  ഹൃദയത്തിന്റെ
നീറ്റലിലും
ചിലപ്പോള്‍ പാതിയുറക്കത്തിന്റെ
പതിവ് സ്വപ്നങ്ങളിലും
നടക്കുമ്പോള്‍
മറ്റൊരൊച്ചയനക്കം
എനിക്ക് പുറകില്‍ കേട്ടാല്‍
ഞാന്‍ ഭീതിയിലമരുന്ന ആ നിമിഷമാണ്
എന്റെ മരണം.
ശബ്ദം അടുത്ത വന്ന്
എന്നെയും കഴിഞ്ഞ്
മുന്നോട്ട് നടന്ന് നീങ്ങുന്നതും വരെയുള്ള
യുഗത്തില്‍ മാത്രമാണ്‌
എന്റെ ശ്വാസത്തെ ഞാന്‍ ശാസിക്കുന്നതും
ഇടതെളിഞ്ഞുള്ള നിലാവില്‍
ഇടയ്ക്ക് മാത്രം തെളിയുന്ന എന്റെ നിഴല്‍ മുലകളെ
ഞാന്‍ അടക്കിപ്പിടിക്കുന്നതും.
ആ നടത്തത്തിനു ശേഷമാണ്
അപസ്മാര രാത്രികള്‍ എനിക്കുണ്ടാകുന്നതും
എന്റെ ജീവിതമപ്പാടും,
പ്രണയവും പേടിയും
കവിതയും കരച്ചിലും
ഒടുവില്‍ എന്റെ ആദ്യ ആര്‍ത്തവ രക്തവും
നുരഞ്ഞുപൊങ്ങിപ്പതഞ്ഞ്,
പതിയെ,
ചുംബിതചുണ്ടുകളിൽ
പറ്റിപ്പിടിക്കുന്നതും.

Wednesday, 25 August 2010

മനശ്ശാസ്ത്രം

എന്റെ കവിതകളില്‍
രതി മാത്രമാണെന്ന്  നീ പറഞ്ഞാല്‍
മൈരേ,
കവിതയെഴുതുകയല്ലാതെ,
നിന്നെ പ്രേമിക്കുകയല്ലാതെ ഞാന്‍
പിന്നെന്ത് ചെയ്യും?

Wednesday, 3 March 2010

വികൃതിക്കുട്ടികള്‍

കുറുമ്പ് കാണിച്ച വളരുന്ന കുട്ടികളെയാണ് എനിക്കിഷ്ടം.
അവര്‍ മൂക്കില്‍ കയ്യിടുന്നവരാണ്.
അവര്‍ തുപ്പലൊലിപ്പിച്ചാണ് നടക്കുക
അവരുടെ പെന്‍സിലുകളുടെ മുനകള്‍ എപ്പോഴും ഒടിഞ്ഞാണിരിക്കുക.
അവര്‍ ഓടുക മാത്രം ചെയ്യും.
അവരുടെ മനസ്സുകളില്‍ വന്‍ വിപ്ലവങ്ങള്‍ക്കുള്ള
കണക്കുകൂട്ടലുകളാണ് നടക്കുക.
അവരുടെ സ്വപ്നങ്ങളിലെ ജീവികളാണ് പില്‍ക്കാലത്ത്
ദിനോസറുകളായത്.
അവരുടെ പാറിപ്പറന്നു കളിക്കുന്ന മുടിയിഴകളിലാണ്
പല വിഖ്യാത പ്രേമ കഥകളും
തളര്‍ന്നുറങ്ങുന്നത്.
കുറുമ്പ് കാണിക്കുന്ന കുട്ടികള്‍
എന്നെപ്പോലെയാണ്.
അവര്‍ക്ക് ദിവസവും എന്നെപ്പോലെ വഴക്ക് കേള്‍ക്കും.
ചുമരിനു മുഖം തിരിച്ച് ക്ലാസ്സില്‍ ശിക്ഷിക്കപ്പെടും.
അവര്‍ വളരുമ്പോള്‍
കിടപ്പുമുറിയില്‍ സുന്ദരികളാകുമെങ്കിലും
ഇടയ്ക്കിടയ്ക്ക് ഭൂതകാലം അവരെ വേട്ടയാടും.
അപ്പോള്‍ അവര്‍ക്കും കിട്ടും :
എനിക്ക് എല്ലാ രാത്രിയും കിട്ടുന്ന പോലെ
ചന്തിയില്‍ ചുട്ടരണ്ടുമ്മ!