Wednesday 12 March 2014

വേനലിലൊരിടത്ത് പോയ്‌വരുമ്പോള്‍ ചില ചിന്തകള്‍.



1.
അന്ന് തൊട്ടുള്ള കെട്ടിടമാണ്.
അനേകം സങ്കടങ്ങളാണ്.
ഉണങ്ങാനിട്ട വസ്ത്രങ്ങള്‍
പറക്കുമ്പോള്‍ പാടുന്ന പാട്ടാണ് കാറ്റ്.
ഇടനാഴിയില്‍ വലിച്ചിട്ട
ചൂരല്‍ കസേരയില്‍
പദപ്രശ്നം പൂരിപ്പിക്കുന്ന വൃദ്ധന്റെ കണ്ണടയാണ്
ഇന്നത്തെ ചിന്താവിഷയം
ആറിയ കട്ടന്‍ ചായ-
യിലേയ്ക്ക് പണിപ്പെട്ട് വരി തീര്‍ക്കുകയാണ്
ഉറുമ്പുകള്‍.
അവിടെയാണ് വേനലിന്റെ ഉത്ഭവം.

2.
ഷാലിമാറില്‍ നിന്ന് കോല്‍ക്കത്തയിലേയ്ക്ക്
കാലത്ത്.
അങ്ങാടികളെ അവഗണിക്കാം.
വെയിലിനെ വയ്യ.
ബസ്സില്‍ തിരക്ക് കുറവ്.
ദുര്‍ഗ്ഗാദേവിയ്ക്കുമുന്നില്‍
വേദനയേതുമില്ലാതെ-
യെരിയുന്ന ചന്ദനത്തിരിക്ക്
താഴെയാണ് ഡ്രൈവറുടെ
ബീഡിപ്പൊതി.
കോല്‍ക്കത്തയെത്തുവോളം
പുകയുന്നത് പക്ഷെ
പഴയ പ്രണയമാണ്.
ഹൌറ പാലത്തിന്റെ
നീളത്തിലൊരു ധൂമ്രദൂരം.

3.
പഠിപ്പൊഴിഞ്ഞൊരു നേരമില്ല.
വൈറ്റമിന്‍ ഇ യുടെ കുറവ് വരുത്തുന്ന രോഗങ്ങള്‍
മെട്രോയിലൊരു അവസാന വായനയ്ക്ക് ശേഷം
പാവാടയ്ക്കടിയിലേയ്ക്ക്.
പെണ്‍കുട്ടികളുടെ പരീക്ഷാരഹസ്യങ്ങളും അവിടെയത്രെ.
ആ ചോദ്യം വരാതിരിക്കാനാണ് സാധ്യത.
അല്ലെങ്കിലും പരീക്ഷകളെല്ലാം
പള്ളിക്കൂടത്തിനു പുറത്താണ്.
പാവാടയ്ക്കടിയിലെഴുതിയിട്ടവ
മറക്കുകയാണ് അവിടെ  നല്ലത്.

4.
ഓട്ടോയില്‍ ‍ഡ്രൈവര്‍ക്കടുത്താകുക
കയറിയിറങ്ങാന്‍ സുഖം.
അപകടത്തിനോഹരി
മുമ്പേ പകുത്തെടുക്കുന്ന വിശ്വസ്തരായിത്തീരുന്നു
മുന്‍നിരക്കാര്‍.
റേഡിയോയില്‍ സ്റ്റേഷന്‍ തിരഞ്ഞെടുക്കാം.
പിന്‍നിരയിലെ സുരക്ഷിതത്വത്തില്‍
നഷ്ടപ്പെടുന്നത്
ഇഷ്ടപ്പെട്ട ഈണങ്ങളാണ്.
ചില്ലറയെല്ലാം ഒരു ഹേമന്ത് കുമാറില്‍
ഭരമേല്‍പ്പിച്ച്
നഗരമധ്യത്തില്‍ തുപ്പിയിടും
വണ്ടി.
ഇനിയങ്ങോട്ട്
സംഗീതമുണ്ടാകുമെന്നുറപ്പിക്കവയ്യ.



3 comments: