Friday, 20 September 2013

അങ്ങനെയിരിക്കെ.


വെയിലാറുന്നതും കാത്ത് 
പകുതിമയക്കത്തിലാണ് 
പുറത്ത് ചെടികള്

നഗരശബ്ദങ്ങള്‍ 
ദൂരത്തെവിടെയോ ആണല്ലോയെന്ന-
യാശ്വാസം മാത്രമാണ്
മുറിയില്നിനക്ക് കൂട്ട്

അലസനൊരു പൂച്ച 
മറന്നുവെച്ചുപോയ കോട്ടുവായ കണക്ക്
വാടിത്തളര്ന്ന്
ജനല്ത്തിണ്ണമേല്‍ 
നീ നട്ടൊരു ചെടി.

പണ്ടൊരുകാലത്ത്
ദിവസങ്ങള്പോകുന്നതറിയാതെ-
യൊരു മുറിയി-
ലൊരു കിടക്കമേല്മാത്രമായിരിക്കാന്
കൊതിച്ചതാണോ
കടിച്ച നഖം 
ചുമരില്പറ്റിച്ചുവെച്ചുകൊണ്ട് 
നീയോര്ക്കുന്നത്

അടുത്ത മുറിയില്നിന്നും
പ്രെഷല്കുക്കറിന്റെ കൂക്കുവിളി
ഒരു കാലന്കോഴി കണക്ക്
ജിജ്ഞാസയുണര്ത്തുന്നുവല്ലേ
സത്യത്തിലെന്താണ് കാലന്കോഴി

ഇതൊക്കെയുമാലോചിക്കുന്നതുകൊണ്ടാണോ
ഇക്കണ്ടയില്ലായ്മകള്കൊണ്ടാണോ
നിന്റെ മുറിയില്സമയമില്ലാത്തതും
നീ കിടന്നകിടപ്പില്നിന്നനങ്ങാത്തതും.
ശരിക്കും ഇതെല്ലാമൊരു ചിത്രമല്ലേ.
ചായമുണങ്ങാന്വെച്ചുപോയൊന്ന്

വെയിലാറുന്നതിനും മുമ്പുള്ള നിമിഷങ്ങളിലാണ് 
മനുഷ്യര്മരിച്ചുകൊണ്ടിരിക്കുന്നതെന്ന് തോന്നുന്നു

Thursday, 12 September 2013

മഴക്കാലത്തെ മുറിവുകള്‍

മഴക്കാലത്തെ മുറിവുകള്‍ സൂക്ഷിക്കണം.
ഉണങ്ങാന്‍ പ്രയാസമാണ്.
അണുക്കളുടെ ആക്രമണം ശക്തം.
ഇന്നാളൊരു കുളത്തില്‍
കാലൊന്ന് നനയ്ക്കാനിറങ്ങിയതാണ്.
മുരുക്കിന്‍ മുള്ളുപോലത്തതെന്തോ കൊണ്ട്
കാല്‍വെള്ള കീറിയിരിക്കുന്നു.
നീറ്റലസഹ്യം.
വേച്ചുവേച്ചേ നടക്കാനൊക്കൂ.
തൊലി പിളര്‍ന്ന് റോസാപ്പൂ നിറത്തില്‍
മാംസം.
മണല്‍ കയറിയാല്‍ തരുതരുന്നനെ
അറിയാം വേദന.
അറിയാതെയെവിടെയെങ്കിലുമൊന്നുരഞ്ഞാല്‍
കണ്ണിലിരുട്ട്.
കാലവര്‍ഷം തകര്‍ത്ത് പെയ്യുമ്പോള്‍
കട്ടന്‍ ചായയും കായവറത്തതുമായി
പഴയ പ്രേമം വല്ലതുമോര്‍ത്തിരിക്കാനുള്ളതിനി-
തിപ്പോള്‍ വെറും പുകച്ചിലാണ്.
കാര്യമെല്ലാം ശരിയാണ്.
കുറച്ച് കഴിഞ്ഞാലുണങ്ങണ്ടതാണ്.
എന്നാലും പറയട്ടെ,
ഡെറ്റോളും ബെറ്റാഡിനുമെല്ലാ-
മെത്ര തേച്ചുപിടിപ്പിച്ചാലും
കുളത്തില്‍ മുള്ളുകളനവധിയാണ്

മഴക്കാലത്തെ മുറിവുകള്‍ ഉണങ്ങാന്‍ പ്രയാസമാണ്.