Saturday, 27 October 2012

ആസ്റ്ററിസ്ക്*

കൊറെകാലമായുള്ള ആഗ്രഹമാണ്
ആസ്റ്ററിസ്കു*ള്ളൊരു കവിത.
കവിത കഴിഞ്ഞാലും
കഴിയാത്ത അടിക്കുറിപ്പുകള്‍.
എന്തൊരു സാധ്യതയാണത്.
ആളുകളെ കളിപ്പിക്കുക അങ്ങനെ.
തീര്‍ന്നല്ലോയെന്നാശ്വസിക്കുമ്പോള്‍
തീര്‍ന്നില്ലെന്ന് കൊഞ്ഞനം കുത്തി
ആറോ നാലോ കാലും നീര്‍ത്തി-
യിങ്ങനെ നിക്കും
നക്ഷത്രമെന്ന് ഭാവിച്ച്,
സൂക്ഷിച്ച് നോക്കിയാല്‍
മിന്നുമെന്ന് തോന്നിച്ച്.
ഏത് പ്രവാചകന്റെ ഏത്
ജനനത്തിന് വഴികാട്ടാനെന്ന്** പറഞ്ഞോ
മരുഭൂമികളില്‍ കൊറെ കൊണ്ടുപോയ് ചുറ്റിച്ചവസാനം
അടുത്തു ചെന്നാ
ലാറുനാലുകാലോ-
ണ്ടാവുംവിധം ഒരു നീരാളിപ്പിടുത്തോം.
ദാ കെടക്കുന്നു
കവിതേം
കോപ്പും
കോപ്രാട്ടീമൊക്കെക്കൂടെ-
യൊരാസ്റ്ററിസ്കീയോസിസില്‍
താഴെ.

*  ഗ്രീക്കില്‍ കുഞ്ഞുനക്ഷത്രം എന്നര്‍ഥമുള്ളതുകൊണ്ട് ആ പേര് വന്നു. തെറി തെറിയല്ലെന്ന് തോന്നിപ്പിക്കാനും അടിക്കുറിപ്പുകള്‍ ചേര്‍ക്കാനും, കണക്കിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവരുന്നു.
** യേശുക്രിസ്തു ഉണ്ടായപ്പൊ ആട്ടിടയര്‍ക്ക് വഴികാണിച്ചതോ തെറ്റിച്ചതോ ഒക്കെ ഒരു നക്ഷത്രാണ് പോലും. 



Sunday, 21 October 2012

ഞാന്‍ മലാലയല്ല

ഹൊ!
ഞാന്‍ മലാലയല്ല.
വെടിയുണ്ടയെന്നാല്‍ എന്താണെന്നെനിക്കറിയില്ല.
മരണം മുന്നില്‍ക്കാണുക എന്നത്
എനിക്കൊരു പ്രയോഗം മാത്രം.
എഴുത്തെന്താണെന്ന്
ഞാനിനിയും പഠിക്കേണ്ടിയിരിക്കുന്നു.
ഹൊ ദൈവമേ ഞാന്‍ മലാലയല്ല.
ആയിരുന്നെങ്കില്‍
എനിക്ക് ജീവിക്കാനാവുമായിരുന്നില്ല.
വലിയ ലക്ഷ്യത്തിനുവേണ്ടിയോ
അക്രമം പ്രതീക്ഷിച്ചോ
ഒന്നും ജീവിച്ചുപരിചയമില്ലാത്ത ഞാന്‍
മലാലയെങ്കില്‍
ഒരു ചാപിള്ളയായി ജനിച്ചുവീഴുമായിരുന്നു.
പ്രിയ
മലാല യൂസഫ്‌സായ്,
നീയെന്താണ് കുട്ടീ?




Friday, 19 October 2012

സ്വയംഭോഗമെന്നാല്‍.

വശത്തൂടെയല്ലാതെ,
കഴുത്താകെ നീട്ടി,
പിന്നെയും നീട്ടി,
അസാധ്യമാംവിധം വളച്ച്,
ഒരു കാമുകനെപ്പോലെ
മുലകള്‍ക്കരികിലൂടെയുരുമ്മി
എന്റെ കക്ഷം മണപ്പിച്ച്
കുഞ്ഞുരോമങ്ങളുടെ ആ കുഴിയില്‍
മുഖം പൂഴ്ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍!
സ്വയംഭോഗമെന്നാല്‍ അതായിരുന്നെങ്കില്‍!


Wednesday, 17 October 2012

പപ്പായിച്ചി

കണ്ടില്ലേ
അയലത്തെ വീട്ടിലെ പപ്പായമരം
ഒരു വയസ്സിത്തള്ളയാണ്.
മേലാകെ ചെതുമ്പലിച്ച്
തൂങ്ങിയാടുന്ന മുലകള്‍ കാണിച്ച്
കാലമേറെക്കണ്ടതിന്റെ ഹുങ്കില്‍
ക്ലാവ് പിടിച്ച പച്ചച്ച മുടി
വെറുതെ കാറ്റത്താട്ടി
മെല്ലിച്ച
തൊട്ടാല്‍പ്പൊട്ടുന്ന നീണ്ട വിരലുകള്‍കൊണ്ട്
പഴങ്കഥകള്‍ പറഞ്ഞ്
പല്ലില്ലാച്ചിരി ചിരിക്കുകയാണ് തള്ള.
പച്ചച്ചി
പപ്പിച്ചി
പപ്പായിച്ചി.