Friday, 21 March 2014

സിഡ് ബാരെറ്റിന്




പ്രിയ സിഡ്,
കൂടെക്കിടക്കാനവസരവും
കൂടെ നിന്റെ പാട്ടും തന്നാല്‍
പകരം
കോല്‍ക്കത്തയിലെ വേനലും
ഭ്രാന്തും
കണ്ണുകളില്‍ കാലമേറെയായി
കാത്തുകെട്ടിക്കിടക്കുന്ന
കാലവര്‍ഷമൊന്നും തരാം.

നീയറിയില്ലയിതൊന്നുമെന്നാലും
അത്രയൊന്നും രസമില്ലെന്നാലും
വിളിക്കുന്നത് സ്നേഹത്തോടെ-
യാണെന്നും
രാത്രികളേറെ കഴിഞ്ഞിരിക്കുന്നു
നിന്റെ മാത്രം ഇല്ലായ്മയിലെന്നും
ഓര്‍മ വയ്ക്കുക.

ഓര്‍മ വയ്ക്കുക,
കുറച്ചേറെ മുറുക്കമുള്ള
ചില കമ്പികളാണെന്റെ
ഗിത്താറിനെന്നും
ഒന്നു തൊട്ടാല്‍ പൊട്ടുമെന്ന മട്ട്
വെറുതേയൊരു കാത്തിരിപ്പിലാണവ-
യൊരു പാട്ടുകാരനെന്നും.
ഒരുക്കത്തിലാണ്,
പകലും രാത്രിയും

അലസമൊഴുകുമൊരു പാട്ടിനാല്‍
നിന്റെ വരികളാല്‍
പ്രിയ സിഡ്.
മുറിവുകള്‍ പ്രണയത്താലല്ലാതെയും,
ശരീരത്തില്‍

രണ്ടാം നിലയിലെയീ കുടുസ്സുമുറിയില്‍
നീ എന്ന് പെയ്യും?
നാളെയെന്ന് കരുതട്ടെ,
വീണ്ടും
വെറുതെ.



1 comment: