Monday, 22 September 2014

ഗയയില്‍ നിന്ന്

ഇര പിടിക്കാനിറങ്ങിത്തിരിച്ചൊരു
വന്യമൃഗത്തെക്കണക്കാണ് വേദന.
പാത്തും പതുങ്ങിയുമാണ് വരവ്.
പ്രാണന്‍ പിടയുമ്പോഴാണറിവ്.
ചിലതെല്ലാം മറക്കാനും
മറ്റു ചിലതോര്‍മിക്കാനും
ചിലയിടങ്ങള്‍.
എന്നിട്ടും വേദന മാത്രം മാറുന്നില്ല
കഴുത്തിനു ചുറ്റും പിണഞ്ഞു കിടപ്പാണത്
പിടിയൊന്നയഞ്ഞാല്‍ ചിലപ്പോള്‍
മൃതശരീരം നിലംപതിച്ചേക്കാം.

ഗയയിലെ വൈകുന്നേരങ്ങളില്‍ ചിലതില്‍
മഴ ചാറിത്തുടങ്ങുമ്പോഴും
ആരും വന്നൊന്നകത്തു വലിച്ചിടാനില്ലാതെ
മട്ടുപ്പാവിലെ തുണികള്‍.
മുറിവുകള്‍ മാത്രമല്ല ഉണങ്ങാത്തതായുള്ളത്.
മറക്കണമെന്ന് കരുതുന്നതല്ല
മറക്കുന്നതൊരിക്കലും.


Friday, 21 March 2014

സിഡ് ബാരെറ്റിന്




പ്രിയ സിഡ്,
കൂടെക്കിടക്കാനവസരവും
കൂടെ നിന്റെ പാട്ടും തന്നാല്‍
പകരം
കോല്‍ക്കത്തയിലെ വേനലും
ഭ്രാന്തും
കണ്ണുകളില്‍ കാലമേറെയായി
കാത്തുകെട്ടിക്കിടക്കുന്ന
കാലവര്‍ഷമൊന്നും തരാം.

നീയറിയില്ലയിതൊന്നുമെന്നാലും
അത്രയൊന്നും രസമില്ലെന്നാലും
വിളിക്കുന്നത് സ്നേഹത്തോടെ-
യാണെന്നും
രാത്രികളേറെ കഴിഞ്ഞിരിക്കുന്നു
നിന്റെ മാത്രം ഇല്ലായ്മയിലെന്നും
ഓര്‍മ വയ്ക്കുക.

ഓര്‍മ വയ്ക്കുക,
കുറച്ചേറെ മുറുക്കമുള്ള
ചില കമ്പികളാണെന്റെ
ഗിത്താറിനെന്നും
ഒന്നു തൊട്ടാല്‍ പൊട്ടുമെന്ന മട്ട്
വെറുതേയൊരു കാത്തിരിപ്പിലാണവ-
യൊരു പാട്ടുകാരനെന്നും.
ഒരുക്കത്തിലാണ്,
പകലും രാത്രിയും

അലസമൊഴുകുമൊരു പാട്ടിനാല്‍
നിന്റെ വരികളാല്‍
പ്രിയ സിഡ്.
മുറിവുകള്‍ പ്രണയത്താലല്ലാതെയും,
ശരീരത്തില്‍

രണ്ടാം നിലയിലെയീ കുടുസ്സുമുറിയില്‍
നീ എന്ന് പെയ്യും?
നാളെയെന്ന് കരുതട്ടെ,
വീണ്ടും
വെറുതെ.



Thursday, 13 March 2014

ഉച്ച



1.

ഗര്‍ഭിണിപ്പൂച്ച അലസം
മാന്തുന്ന വരയന്‍ നാഭിയിന്മേല്‍
വെയിലേത്
വിശപ്പേതെന്ന് പറയുകയസാധ്യം.
കാര്യമൊന്നുമറിയാത്ത മട്ട്
കണ്ടന്‍ നടപ്പുണ്ട് താഴെ.
ഊണാവാന്‍ കാത്തിരിപ്പാണ്
ഒരു കെട്ടിടം മുഴുവന്‍,
പൂച്ചക്കണ്ണിനാല്‍.

2.

മൂന്ന് നേരം ചോറ് തിന്നാതെ വയ്യ,
പാലം വിമാനത്താവളം വരെ നീളണം.
വല കുലുങ്ങാതെയുള്ളൊരു
കാല്‍പ്പന്തുകളിയില്‍ ഉറക്കം തള്ളി
മഞ്ഞ തലപ്പാവണിഞ്ഞ
കളിക്കാര്‍ പാടുന്നുണ്ടുള്ളാലെ,
ഉരുളക്കിഴങ്ങിന്റെ
വിരസതയെക്കുറിച്ച്.



Wednesday, 12 March 2014

വേനലിലൊരിടത്ത് പോയ്‌വരുമ്പോള്‍ ചില ചിന്തകള്‍.



1.
അന്ന് തൊട്ടുള്ള കെട്ടിടമാണ്.
അനേകം സങ്കടങ്ങളാണ്.
ഉണങ്ങാനിട്ട വസ്ത്രങ്ങള്‍
പറക്കുമ്പോള്‍ പാടുന്ന പാട്ടാണ് കാറ്റ്.
ഇടനാഴിയില്‍ വലിച്ചിട്ട
ചൂരല്‍ കസേരയില്‍
പദപ്രശ്നം പൂരിപ്പിക്കുന്ന വൃദ്ധന്റെ കണ്ണടയാണ്
ഇന്നത്തെ ചിന്താവിഷയം
ആറിയ കട്ടന്‍ ചായ-
യിലേയ്ക്ക് പണിപ്പെട്ട് വരി തീര്‍ക്കുകയാണ്
ഉറുമ്പുകള്‍.
അവിടെയാണ് വേനലിന്റെ ഉത്ഭവം.

2.
ഷാലിമാറില്‍ നിന്ന് കോല്‍ക്കത്തയിലേയ്ക്ക്
കാലത്ത്.
അങ്ങാടികളെ അവഗണിക്കാം.
വെയിലിനെ വയ്യ.
ബസ്സില്‍ തിരക്ക് കുറവ്.
ദുര്‍ഗ്ഗാദേവിയ്ക്കുമുന്നില്‍
വേദനയേതുമില്ലാതെ-
യെരിയുന്ന ചന്ദനത്തിരിക്ക്
താഴെയാണ് ഡ്രൈവറുടെ
ബീഡിപ്പൊതി.
കോല്‍ക്കത്തയെത്തുവോളം
പുകയുന്നത് പക്ഷെ
പഴയ പ്രണയമാണ്.
ഹൌറ പാലത്തിന്റെ
നീളത്തിലൊരു ധൂമ്രദൂരം.

3.
പഠിപ്പൊഴിഞ്ഞൊരു നേരമില്ല.
വൈറ്റമിന്‍ ഇ യുടെ കുറവ് വരുത്തുന്ന രോഗങ്ങള്‍
മെട്രോയിലൊരു അവസാന വായനയ്ക്ക് ശേഷം
പാവാടയ്ക്കടിയിലേയ്ക്ക്.
പെണ്‍കുട്ടികളുടെ പരീക്ഷാരഹസ്യങ്ങളും അവിടെയത്രെ.
ആ ചോദ്യം വരാതിരിക്കാനാണ് സാധ്യത.
അല്ലെങ്കിലും പരീക്ഷകളെല്ലാം
പള്ളിക്കൂടത്തിനു പുറത്താണ്.
പാവാടയ്ക്കടിയിലെഴുതിയിട്ടവ
മറക്കുകയാണ് അവിടെ  നല്ലത്.

4.
ഓട്ടോയില്‍ ‍ഡ്രൈവര്‍ക്കടുത്താകുക
കയറിയിറങ്ങാന്‍ സുഖം.
അപകടത്തിനോഹരി
മുമ്പേ പകുത്തെടുക്കുന്ന വിശ്വസ്തരായിത്തീരുന്നു
മുന്‍നിരക്കാര്‍.
റേഡിയോയില്‍ സ്റ്റേഷന്‍ തിരഞ്ഞെടുക്കാം.
പിന്‍നിരയിലെ സുരക്ഷിതത്വത്തില്‍
നഷ്ടപ്പെടുന്നത്
ഇഷ്ടപ്പെട്ട ഈണങ്ങളാണ്.
ചില്ലറയെല്ലാം ഒരു ഹേമന്ത് കുമാറില്‍
ഭരമേല്‍പ്പിച്ച്
നഗരമധ്യത്തില്‍ തുപ്പിയിടും
വണ്ടി.
ഇനിയങ്ങോട്ട്
സംഗീതമുണ്ടാകുമെന്നുറപ്പിക്കവയ്യ.



Saturday, 22 February 2014

In the Land of Death and Desire

Your death be a wall gecko,
Progeny, chameleon.
Poetry be a loose lazy gamecock,
Unaware of the tensing
Leash at my big toe.
Oh let your death
Be of a myriad
Blinking lights
Known only to the
Sleepwalking.
Let it be
Of the seamless
Cloth of my mother's saree,
Dancing peacocks,
Merry elephants
Ta da da dum,

Bam bam.