Sunday, 17 March 2013

പപ്പടം

പപ്പടം വീണുപൊട്ടി
രണ്ടു കഷ്‌ണവും
പൊടിക്കുട്ടികളുമായി.
കാവിപൂശിയ നിലത്തുനിന്ന്
കോരിയെടുത്തതിനെ വീണ്ടും
കൊടമ്പുളിയിട്ടുവെച്ച
നെയ്‌മീന്‍ ചാറിയ
ചോറില്‍ ചേര്‍ത്ത് പൊടിച്ചുരുട്ടുമ്പോള്‍
പെറുക്കിയെടുക്കപ്പെടാത്ത
പൊടിക്കുട്ടിപ്പപ്പടങ്ങള്‍
പരാതി പറയുന്നുണ്ടാവുമോ
അമ്മപ്പപ്പടത്തോടും
ഗര്‍ഭമുണ്ടാക്കി പോളച്ചുവിടീച്ച
വെളിച്ചെണ്ണ പരനാറിത്തന്തയോടും?