Thursday, 16 August 2012

ചായമടി

എന്തൊരു രസമാണിത്!
മഴയാണെങ്കിലും
ചുമരുകളില്‍ ഈര്‍പ്പമുണ്ടാകാമെങ്കിലും വെറുതേയിങ്ങനെ ചായമടിക്കാന്‍.
ഇമല്‍ഷനെന്നോ ഇനാമലെന്നോ ഇല്ലാതെ
കൈമെയ് മറന്ന്
ഈ വെറും മണങ്ങളില്‍
മുഴുകി
ആകെയലങ്കോലപ്പെടുത്തി
എന്നാലൊട്ടും ഭീകരമല്ലാത്ത
ഒരു ഭീകരതയിലേയ്ക്ക്
പതിയെ
വഴുതിവീഴാന്‍.
മരിച്ചവരുടെപോലും
വിരല്‍പാടുകള്‍
ചായങ്ങളുടെ അഹങ്കാരത്തില്‍ മുക്കി
മായ്ച്ചു മായ്ച്ചു കളയുമ്പോള്‍
ശരീരത്തില്‍ പടരുന്ന
പേരറിയാത്ത പേടികളെ
പിന്നെയും കളിയാക്കിക്കുഴിച്ചുമൂടാന്‍.

മേലാസകലം പൊട്ടും പൊടിയുമായി
ചുമരുകളോട് തോറ്റ്
ശബ്ദമുണ്ടാക്കാതെ
നടന്നകലുന്ന എന്നെ
നിങ്ങള്‍ പെട്ടെന്ന് തിരിച്ചറിയും.
വര്‍ഷങ്ങള്‍ക്കുശേഷം
ചായത്തില്‍ മുങ്ങിയ എന്റെ കാല്‍പാടുകള്‍
നടന്നടുത്ത
അടുക്കളയില്‍ നിന്ന്
സ്വര്‍ണം മാറ്റി പച്ചയോ
നീലയോ പൂശിയ
വൈവിധ്യമാര്‍ന്ന പല
ആഭരണങ്ങളും കണ്ടെടുക്കും.
അവിടെനിന്നും പിന്നെ ഞാന്‍
നടന്നകന്ന വഴികളറിയാതെ
വിഷമിച്ച്
ഞാന്‍ ചായമടിച്ച ചുമരുകളില്‍ത്തന്നെ
ആണികളടിച്ച്
എന്റെ ബാല്യകാല ചിത്രങ്ങള്‍ തൂക്കും.
ഛെ!
എന്തൊരന്ത്യമാകുമായിരിക്കും അത്!







Thursday, 9 August 2012

ശാഖാചംക്രമണം

എമ്പാടും ചില്ലകളുള്ള
ഒരു നല്ല മരത്തിന്റെ
ഏറ്റവും ഉയര്‍ന്ന കൊമ്പില്‍ ചെന്ന്
ഒരു ചില്ലയില്‍ നിന്ന് മറ്റൊന്നിലേയ്ക്ക്
അതില്‍ നിന്ന് വേറൊന്നിലേയ്ക്ക്
അവിടെനിന്നും പിന്നെ-
യെന്നാണെന്റെ പോക്ക്.
ഓരോ ചില്ലയിന്മേലും തങ്ങുന്ന
ആ അല്പനേരത്തില്‍
കാല്‍വെള്ളയിലിക്കിളിയാക്കുന്ന
ഇലകളോ മരമോ
അറിയുന്നുണ്ടോ
എന്റെ ചങ്കിടിപ്പും
താഴേയ്ക്ക് നോക്കിയാല്‍
കാണുന്ന
പേടികളും.
ഇടവിട്ടിടവിട്ട്
വിടരുന്ന പാവടയ്ക്ക്
കീഴെ നിന്ന്
മേലോട്ട് നോക്കി
കള്ളച്ചിരി ചിരിക്കുന്ന
ചില്ലകള്‍ക്കറിയുമോ
എന്റെ കിതപ്പിന്റെ താളം.
ചോര പൊടിയുന്ന കാലുകളില്‍
നിന്നും
കാഴ്ച മറച്ചുകൊണ്ടുള്ള വിയര്‍പ്പില്‍
നിന്നും
ഭീകരമാമൊരലര്‍ച്ചയായി
പടിയിറങ്ങുന്നത്
ആയിരം വിത്തുകളാണ്.
വര്‍ഷങ്ങളുടെ വെയിലാണ്
മരങ്ങളുടെ പാട്ടുകളാണ്.