Tuesday, 27 March 2012

പെര്‍സോണ

പ്രിയപ്പെട്ട സുഹൃത്തേ,
പഴയ പല കാര്യങ്ങളും മറന്നുപോകുന്നു.
നിങ്ങള്‍ പഴയ വീട്ടില്‍ത്തന്നെയാണ് താമസം എന്നല്ലേ പറഞ്ഞത്?
കഴിഞ്ഞ പ്രാവശ്യം അയച്ച ചിത്രങ്ങള്‍ നന്നായിരുന്നു എന്നാണോര്‍മ.
സൂക്ഷിച്ചുവെയ്ക്കാന്‍ തീരുമാനിച്ചു എന്നും.
ഇവിടെ ജനലില്‍ എപ്പോഴും മഴ തന്നെ.
ചിലപ്പോള്‍ ചില പ്രശ്നങ്ങള്‍ മാത്രം.
ചില ഭയങ്ങള്‍.
ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴേയ്ക്കും
ഒരു പരകായ പ്രവേശം നടന്നുകഴിഞ്ഞു
എന്ന് മനസ്സ് പറയും.
അതിനുശേഷം
നോക്കുന്നിടങ്ങളിലെല്ലാം
ദുസ്സൂചനകള്‍ മാത്രം കാണും.
പിന്നെ
അറിയാത്ത
തീരെ പരിചയമില്ലാത്ത കാര്യങ്ങള്‍
ചെയ്യേണ്ടി വരും.
ഓരോ ദിവസവും
രഹസ്യങ്ങള്‍ ചെവിയില്‍ പറന്നെത്തും.
അകാരണമായി ദേഹമാസകലം വേദനിക്കും.
ശരീരത്തില്‍ അജ്ഞാതമായ പലതും നടക്കും.
ഇതുവരെ കേട്ടിട്ടില്ലാത്ത പലതും.
സന്ധ്യയാകുമ്പോള്‍ ഇവിടെ വിളക്കു കത്തിക്കണം.
പക്ഷെ, അപ്പോഴും
പേടി കൂടുകയേ ഉള്ളു.
അരണ്ട വെളിച്ചത്തില്‍
അപരിചിതത്വത്തിന് ആക്കം കൂടും.
ഏറെനാള്‍ കഴിഞ്ഞാല്‍ മാത്രം
മുറിയിലെ രണ്ടാം സാന്നിധ്യത്തെക്കുറിച്ച്
എനിക്ക് ചെറിയ വിവരം ലഭിക്കും.
കള്ളന്‍? കള്ളി?
മെനക്കെട്ട് സത്യം അറിഞ്ഞുവരുമ്പോഴേയ്ക്കും
ഉറങ്ങിപ്പോകും.
പിന്നെ പഴയ പരിചിതത്വം തിരിച്ചുവരും.
എല്ലാം ശരിയാവുമായിരിക്കും. അല്ലേ?
അല്ലെങ്കിലും
നാടകം കഴിഞ്ഞാല്‍ ഗ്രീന്‍ റൂമില്‍
വിയര്‍പ്പുഗന്ധമായിരിക്കുമെന്നും
വസ്ത്രങ്ങള്‍ അന്യോന്യം മാറിയാലും
ആരും ഒന്നും പറയാറില്ലെന്നും
അത്
കുറെ നാള്‍ കഴിഞ്ഞാല്‍
വേഷം വീണ്ടും മാറാമെന്നുള്ളതുകൊണ്ടാണെന്നും
എനിക്കും നിങ്ങള്‍ക്കും
ഒരുപോലെ അറിയാവുന്ന കാര്യങ്ങളാണല്ലോ.
അല്ലേ?‍
                                     സ്നേഹത്തോടെ-

Sunday, 11 March 2012

വായനശാലാസുഖങ്ങള്‍

നരച്ചതെന്ന് തോന്നിപ്പിക്കുന്ന
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏറ്റവും വിലപിടിപ്പുള്ള
വെണ്ണക്കല്ലില്‍
കൊത്തിവച്ച മിനാരങ്ങളിലാണ്
കാതടപ്പിക്കുന്ന ശബ്ദത്തോടെ
പറന്നകലുകയും അടുക്കുകയും ചെയ്യുന്ന
വലിയ കറുത്ത പക്ഷികളുടെ
പാട്ടും സ്വപ്നവും മറ്റും തമ്പടിക്കുന്നത്.

അകമേ നിന്ന് നോക്കിയാല്‍ അവ കാണില്ല.
ഉരുണ്ട് കമഴ്ത്തിവെച്ച് ഒരു മണ്‍കലം പോലെ,
എളുപ്പത്തില്‍ ഗര്‍ഭപാത്രത്തോടുപമിക്കാവുന്ന ഒരു
മണ്‍കലം പോലെ
എളുപ്പത്തില്‍ ഗര്‍ഭപാത്രത്തോടുപമിക്കാവുന്ന.

അവിടെ പ്രേമനാടകങ്ങള്‍ അരങ്ങേറിയിരുന്നൊരിക്കല്‍
എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.

എനിക്ക് പണ്ടേ കോട്ടയം പുഷ്പനാഥിനെ ഇഷ്ടമാണ്.
വായനശാലയില്‍ നിന്ന് ഒരല്പം പോലും നാണിക്കാതെ
പുഷ്പനാഥുകളെ വലിച്ചിട്ടുണ്ട്.
പില്‍ക്കാലത്ത് തുണ്ടാണെന്ന് മനസ്സിലാക്കിയ പലതും
അങ്ങനെയാണ്.
ചില പുസ്തകങ്ങളില്‍
ആ ഭാഗങ്ങള്‍ അടിവരയിട്ട്
വശങ്ങളില്‍ രണ്ടക്ഷരവാക്കുകള്‍
പുത്തന്‍.
അര്‍ത്ഥമറിയില്ല.
ഡ്രാക്കുളക്കോട്ടയിലെ സുന്ദരിമാര്‍ വായിച്ച ഒരാളുമില്ലേ ഇവിടെ?

ഏതായാലും
നരച്ചതെന്ന് തോന്നിപ്പിക്കുന്ന
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഏറ്റവും വിലപിടിപ്പുള്ള
വെണ്ണക്കല്ലില്‍
കൊത്തിവച്ച മിനാരങ്ങളിലാണ്
കാതടിപ്പിക്കുന്ന ശബ്ദത്തോടെ
പറന്നകലുകയും അടുക്കുകയും ചെയ്യുന്ന
വലിയ കറുത്ത പക്ഷികളുടെ
പാട്ടും സ്വപ്നവും മറ്റും തമ്പടിക്കുന്നത്.
അവയെപ്പറ്റിയോര്‍ക്കുമ്പോള്‍,
മനസ്സില്‍ കാണുമ്പോള്‍
എനിക്ക് ഡ്രാക്കുളക്കോട്ടയിലെ സുന്ദരിമാരെ ഓര്‍മവരുന്നു.

വെണ്ണക്കല്ലുകളെക്കുറിച്ചോര്‍ക്കുമ്പോള്‍
ഇന്ന് കെ എസ് ആര്‍ ടി സിയില്‍ നിന്നിറങ്ങി
ആയിരമൊന്നിന് വിലപേശിയ സ്ത്രീയെയും
ഇറങ്ങും വരെ
ഇരിപ്പിടത്തില്‍
ഞെളിപിരികൊണ്ടിരുന്ന
അയാളെയും
പിന്നെ പുറകിലിരുന്ന
എന്നെയും.
അങ്ങനെയാണ്.
ചില പുസ്തകങ്ങളില്‍
ആ ഭാഗങ്ങള്‍ അടിവരയിട്ട്
വശങ്ങളില്‍ രണ്ടക്ഷരവാക്കുകള്‍
പുത്തന്‍.
അര്‍ത്ഥമറിയില്ല.
ഡ്രാക്കുളക്കോട്ടയിലെ സുന്ദരിമാര്‍ വായിച്ച ഒരാളുമില്ലേ ഇവിടെ?