Sunday, 28 August 2011

ഷോട്ട് ഹാന്റ്

നീയെന്റെ സ്റ്റെനോഗ്രാഫറാകണമായിരുന്നു.
എന്നാൽ,
എല്ലാ ദിവസവും
നിനക്കു തന്നെയുള്ള പ്രണയലേഖനങ്ങൾ
പറഞ്ഞെഴുതിപ്പിക്കാമായിരുന്നു.
പ്രണയമൊഴുകുന്ന കത്തുകൾ
പറഞ്ഞു തരുമ്പോൾ
ഞാൻ നിന്റെ മുഖത്തേയ്ക്കൊന്നു നോക്കുക കൂടിയില്ല.
ചുംബനങ്ങൾ തരാതെ
എന്നെ നീ അവഗണിച്ച സമയങ്ങൾക്കൊക്കെ
ഞാൻ പകരം വീട്ടും.
ചിലപ്പോൾ
നിന്റെ അഡ്ഡ്രസ്സ് മാറ്റിപ്പറഞ്ഞ്.
നിന്നേക്കാൾ സുന്ദരനായ,
മറ്റൊരാൾക്കാണ്
എന്റെ പ്രണയലേഖനങ്ങളത്രയും
എന്ന് നീ കരുതും.
ചിലപ്പോൾ
എനിക്ക് വന്നിട്ടുള്ള
പ്രേമാഭ്യർത്ഥനകൾ
പകർത്തിയെഴുതിപ്പിച്ച്.
നിന്റെ പെണ്ണിനെയാണല്ലോ
അവരെല്ലാം മോഹിക്കുന്നതെന്നോർത്ത്
നീ വിമ്മിഷ്ടപ്പെടും.
ചിലപ്പോഴൊക്കെ
കത്തുകളിലെ എന്റെ പ്രണയം കണ്ട്
നീ കുട്ടികളെപ്പോലെ കരയും.
പക്ഷേ എഴുത്ത് നിർത്താൻ
ഞാനൊരിക്കലും സമ്മതിക്കില്ല.
പിന്നെയും പ്രണയാതുരമായ വരികൾ
അവസാനമില്ലാതെ
ഞാൻ നിന്നെക്കൊണ്ടെഴുതിക്കും.
എന്റെ നെഞ്ചിന്റെ ചൂടിൽ
തലചായ്ക്കാൻ
നീ കൊതിക്കുമ്പോഴൊക്കെ
എഴുത്തിലെ തെറ്റുകൾ
ഞാൻ നിഷ്കരുണം ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കും...



എന്നിട്ടും
രാത്രികളിൽ,
നിന്റെ ഇല്ലായ്മയിൽ
പനിച്ച്,
നിന്റെ തമാശകളെയോർത്ത്
കരഞ്ഞ്,
ഒരു പുഴുവിനെപ്പോലെ ചുരുണ്ട്
ഞാൻ കിടക്കും.
ഒരു കത്തകലെ,
എന്റെ പനിയാലെ പൊള്ളി
നീയും.
ഒരക്ഷരപ്പിശകാലെ
വേദനിച്ച്,
നീയും.
ഒരെഴുത്താലെ വലഞ്ഞ്,
ഒരൊപ്പാലെ
മഷിതീർന്ന്, കടലാസിന്റെ
മണം മറന്ന്,
കയ്യക്ഷരത്തിൽ
കലിപൂണ്ട്,
ഒരു കത്തകലെ,
സ്റ്റെനോഗ്രാഫർ,
നീയും.

Saturday, 12 March 2011

HBO യിലെ സിനിമ

HBO യിലെ സിനിമ തീർന്നു.
പുകവലിച്ച്, ചായ കുടിച്ച്
ചിത്തഭ്രമം വലിച്ച് നീട്ടുന്ന
വലിയ ഇടവേളയിൽ
ചാനലുകൾ മാറ്റിയുള്ള മൊണ്ടാഷിന്റെ പിരിമുറുക്കത്തിൽ
ഇനിയുള്ള നിമിഷങ്ങളിൽ
നീയും ഞാനും.
പലവർണങ്ങളാടുന്ന ഡിസ്കോതീക്കിൽ ഞാനെത്തുക
ചുടുചുംബനങ്ങളിൽ നിന്ന്
പറിച്ചുമാറ്റപ്പെട്ടാണ്‌.
നീയപ്പോൾ
ബോക്സിങ്ങ് റിങ്ങിൽ
വിയർത്ത്, ചോരയൊലിപ്പിച്ചാകും ഉണ്ടാകുക.
അറിയാതെ ഞാൻ ഫാനിന്റെ സ്പീട് കൂട്ടും.
എന്റെ കാഴ്ചയ്ക്കപ്പുറത്ത് നീ
വൃദ്ധനായിക്കാണും.
തിരിച്ച് വരുമ്പോൾ
ഞാൻ ഒരു വേശ്യയും.
പിന്നെയും പല രാജ്യങ്ങളിൽ,
പല പാട്ടുകളിൽ,
ചുംബനങ്ങളിൽ,
ഇടയ്ക്ക് ചില രതിമൂർച്ഛകളിൽ
നമ്മൾ.
കോളിങ്ങ് ബെല്ലിനപ്പുറത്തെ
കേബിളുകാരന്‌ പൈസ കൊടുത്ത്
തിരിച്ച്വരുമ്പോഴേയ്ക്കും
അടുത്ത സിനിമയ്ക്കുള്ള സമയമായി.
അതിമാനുഷനായി
എന്റെയുള്ളിൽ പടർന്നു കയറുന്ന ആവേശമായ
നിന്നെ
നിഷ്കരുണം കൊന്നുകൊണ്ട്
അവർ പറയുന്നു:
its not tv. its HBO

Wednesday, 23 February 2011

നമ്മുടെ ആദ്യ മഴ

നമ്മുടെ ആദ്യ മഴ
ഒരു തീവണ്ടി യാത്രയിലായിരുന്നു.
രണ്ട് വഴിയ്ക്ക് പിരിയും വരെ അവൾ
നമ്മളെ പിന്തുടർന്നു.
എന്റെ കണ്ണിൽ മരം പെയ്യിച്ച്,
നിന്റെ മുടിയിഴകളിലെ വെയിൽ മോഷ്ടിച്ച്
തിരക്കേറിയ സ്റ്റേഷനിൽ വെച്ച്
അവൾ നാലു വഴിക്ക് ചിതറിയോടി.
കള്ളി.
പഠിച്ച കള്ളി.